നെന്മാറ മേഖലയിൽ നെൽപ്പാടങ്ങൾ വെള്ളത്തിൽ
1436628
Wednesday, July 17, 2024 12:56 AM IST
നെന്മാറ: കഴിഞ്ഞ രണ്ടു ദിവസമായി തുടർന്ന കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. തോടുകളിൽ വെള്ളം ഉയർന്നു. അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ആലമ്പള്ളം പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽപ്പാടം വെള്ളത്തിനടിയിലായി. കയറാടി നടുപതി ഭാഗത്തേക്ക് ഒഴുകുന്ന തോട് കവിഞ്ഞതോടെയാണ് നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായത്. മൂന്നിടത്ത് മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു.
നെന്മാറ-അടിപ്പെരണ്ട റോഡിൽ തിരുവിഴയാട് റോഡരികിലെ മരം നെൽപ്പാടത്തേക്ക് കടപുഴകി വീണു. പകൽ 10 മണിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് ചുവടുവശം വീണ്ടുനിന്ന മരം കടപുഴകി വീണത്.
നേരത്തെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആഴത്തിൽ ചാലെടുത്തതും മരത്തിന്റെ വേരുകൾ മുറിച്ചുമാറ്റിയതുമാണ് മരം കടപുഴകി വീഴാൻ ഇടയായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
തളിപ്പാടം പോത്തുണ്ടി കനാൽ ബണ്ട്റോഡിൽ റബർ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ റബർ തോട്ടത്തിൽ ഉറവ ഉണ്ടായതിനെ തുടർന്നാണ് മരം കടപുഴകിയത്.
അയിലൂർ കരിമ്പാറ ഒറവഞ്ചിറയിൽ മഴയോടൊപ്പം ഉള്ള കനത്ത കാറ്റിനെ തുടർന്ന് തേക്ക്, റബർ മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ലൈനിൽ തട്ടി മരം വീണെങ്കിലും ലൈൻ പൊട്ടിവീഴാത്തത് മൂലം അപകടം ഒഴിവായി.
നെന്മാറ വല്ലങ്ങി ആർവിസി റോഡിൽ താമസിക്കുന്ന രാമുഅമ്മാൾ എന്ന പാപ്പാക്കയുടെ വീടിന്റെ മേൽപ്പുര ഇന്നലെ പുലർച്ചെ തകർന്നുവീണു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഇവർ സംഭവം നാട്ടുകാർ രാവിലെ വിളിച്ചുണർത്തിയപ്പോഴാണ് അറിയുന്നത്. കേൾവിക്കുറവുള്ള വയോധികയായ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. തട്ടുള്ള വീടായതിനാൽ ഓട്, കഴുക്കോൽ, പട്ടിക തുടങ്ങിയവ ദേഹത്ത് വീഴാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഇവരെ മാറ്റിപ്പാർപ്പിച്ചു. കെ. ബാബു എംഎൽഎ, പഞ്ചായത്തംഗം ഉമ്മർ ഫാറൂഖ്, വില്ലേജ്, പഞ്ചായത്ത്, പോലീസ് അധികൃതർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
അയിലൂർ കയറാടി വീഴ് ലി കുന്നംകാട്ടിൽ അമീദയുടെ ഓടിട്ട വീട് പൂർണമായും തകർന്നു. വീട്ടിൽ ആൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.