അട്ടപ്പാടിയിൽ കനത്ത നാശനഷ്ടം
1436631
Wednesday, July 17, 2024 12:56 AM IST
അഗളി: അട്ടപ്പാടിയിൽ മഴക്കെടുതികൾ രൂക്ഷമായി. സൈലന്റ് വാലി, മുത്തികുളം വനമേഖലകളിൽ മഴ കനത്തതോടെ ശിർവാണി, ഭവാനി പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഭവാനിപ്പുഴ കരകവിഞ്ഞതോടെ താവളത്തും ചെമ്മണ്ണൂരും പുഴയ്ക്ക് കുറുകെയുള്ള പാലങ്ങൾ മൂടി. ഇതുമൂലം പുതൂർ പഞ്ചായത്തിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം നിലച്ചു. മഴയോടൊപ്പം വീശിയടിച്ച കാറ്റ് വൻ കൃഷിനാശവും വരുത്തി.
മരങ്ങൾ കടപുഴകി വീണും കൊമ്പുകൾ ഒടിഞ്ഞുവീണും വൈദ്യുതി ലൈനുകൾ തകരാറിലായി. അട്ടപ്പാടിയിൽ എല്ലായിടത്തും വൈദ്യുതി എത്താൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. സ്ഥിതിഗതികൾ കണ്ടറിഞ്ഞ് പൊതുജനങ്ങളും കെഎസ്ഇബിക്ക് സഹായഹസ്തവുമായി എത്തി. കുറവൻ പാടി, പുലിയറ ഗ്രാമവാസികൾ കെഎസ്ഇബിയുമായി ബന്ധപ്പെട്ട ശേഷം തങ്ങളുടെ പ്രദേശത്ത് ഇലക്ട്രിക് ലൈനിലേക്ക് വീണു കിടക്കുന്ന മരക്കമ്പുകളും മറ്റു തടസങ്ങളും വെട്ടി നീക്കി വൈദ്യുതി വിതരണത്തിന് സജ്ജമാക്കി.