വിട്ടൊഴിയാതെ മഴപ്പേടി
1436851
Thursday, July 18, 2024 1:37 AM IST
മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു
പാലക്കാട്: അപകടകരമായി പാതയോരങ്ങളിലുംമറ്റും നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതു സംബന്ധിച്ച് തീരുമാനിക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഈമാസംതന്നെ അടിയന്തരയോഗം ചേരുമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
ജില്ലയില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും കാലവര്‍ഷവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണു തീരുമാനം.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, എഡിഎം സി. ബിജു എന്നിവരും സന്നിഹിതരായിരുന്നു.
വൈദ്യുത അപകടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാന്‍ ജില്ലാതലത്തില്‍ കണ്‍ട്രോള്‍റൂം സ്ഥാപിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെഎസ്ഇബിയ്ക്കു നിര്‍ദ്ദേശം നല്കി.
ജലസേചനവകുപ്പ് ഡാമുകളില്‍ ജലം നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
അപകടാവസ്ഥയിലുള്ള വീടുകള്‍ സംബന്ധിച്ച വിവരശേഖരണത്തിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്കി.
ജീവനു ഭീഷണിയായ മരംമുറിക്കാന്‍ പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിക്കുന്നതിനു അനുമതി നല്കുമെന്നു മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത് അറിയിച്ചു.
സംസ്ഥാനദുരന്തനിവാരണ അഥോറിറ്റിയുടെ പട്ടികയിലുള്‍പ്പെട്ട മണ്ണിടിച്ചില്‍ പ്രദേശങ്ങളിലുളള ജനങ്ങളുടെ കണക്കെടുക്കും. അത്തരം പ്രദേശങ്ങളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പിഡബ്യുഡി റോഡ്സ് വിഭാഗത്തിനു ജില്ലാ കളക്ടര്‍ നിര്‍ദ്ദശം നല്കി.
തങ്ങളുടെ പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകൾ എംഎൽഎമാർ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തില്‍ എംഎല്‍എമാരായ പി. മമ്മിക്കുട്ടി, എ. പ്രഭാകരന്, കെ.ഡി. പ്രസേനന്‍, കെ. ബാബു, കെ. ശാന്തകുമാരി, കെ. പ്രേംകുമാര്‍, പി.പി. സുമോദ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്. മോഹനപ്രിയ, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, ജില്ലാ ഓഫീസര്‍മാര്‍ പങ്കെടുത്തു.