ഒറ്റപ്പാലം: അപകടഭീഷണി ഉയർത്തി നിലനിന്നിരുന്ന ജലസംഭരണി പൊളിച്ചുനീക്കി. അമ്പലപ്പാറ-മണ്ണാർക്കാട് പ്രധാന റോഡിൽ കുന്നുംപുറത്താണ് അപകടഭീഷണിയുയർത്തുന്ന ജലസംഭരണി നിന്നിരുന്നത്. ഇതാണ് ഇന്നലെ പൊളിച്ചുനീക്കിയത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതായിരുന്നു ഉപയോഗശൂന്യമായ ജലസംഭരണി. നാല് തൂണുകളുടെയും സിമന്റ് അടർന്നുപോയി ജീർണാവസ്ഥയിലായിരുന്ന ജലസംഭരണി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തിയിരുന്നു. ജല അഥോറിറ്റിയുടെതായിരുന്നു സംഭരണി. ഏത് നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണിത് .
നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സ്ഥലത്താണ് ഇതുണ്ടായിരുന്നത്. മുപ്പത് വർഷത്തിലധികമായി സംഭരണി ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട്. സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന പൈപ്പിൽ തകരാർ വന്നതിനെത്തുടർന്നാണ് ഇത് ഉപയോഗശൂന്യമായത്. പിന്നീട് ഇത് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ അധികൃതരാരും മെനക്കെട്ടില്ല. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വൃത്തിയാക്കാതിരുന്നത് മൂലം ഇഴജീവികളുടെ വിഹാരകേന്ദ്രമായും ഇവിടം മാറാൻ കാരണമായി. കാലപ്പഴക്കം ചെന്ന സംഭരണി അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്തുകയോ അതല്ലെങ്കിൽ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്ന കാര്യമാണ്. സംഭരണി പൊളിച്ചുമാറ്റാൻ നേരത്തെ തന്നെ ജല അഥോറിറ്റിക്ക് ഗ്രാമപഞ്ചായത്ത് കത്ത് നൽകിയിരുന്നു.