പുല്ലിശേരിയിൽ വീട്ടിൽനിന്ന് 50 പവൻ സ്വർണം കവർന്നു
1461240
Tuesday, October 15, 2024 6:05 AM IST
മണ്ണാർക്കാട്: പൂട്ടിയിട്ട വീട്ടിൽ നിന്നും അമ്പതുപവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പുല്ലിശേരി സ്രാമ്പിക്കൽ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകുന്നേരം നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവം. പ്രദേശവാസിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ഷാജഹാനും കുടുംബവും നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു.
തിരികെയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. മണ്ണാർക്കാട് പോലീസ് സംഘമെത്തി പരിശോധന നടത്തി. പാലക്കാട് നിന്ന് വിരലടയാള വിദഗ്ദർ സ്ഥലം സന്ദർശിച്ചു.