മംഗലംഡാമിൽ പന്നിക്കൂട്ടത്തിന്റെ ആക്രമണം: രണ്ടര വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായ പരിക്ക്
1461242
Tuesday, October 15, 2024 6:05 AM IST
മംഗലംഡാം: മംഗലംഡാം - പറശേരി റോഡിൽ ചപ്പാത്ത് പാലത്തിനു സമീപം കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികരായ രണ്ടര വയസുക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. വക്കാല മണിയൻചിറ പള്ളത്ത് വീട്ടിൽ സനു (30), മണിയൻ ചിറ കുളത്തിങ്കൽവീട്ടിൽ സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. സജിയും സുഹൃത്ത് സനുവും മംഗലം ഡാമിലുള്ള സജിയുടെ ഭാര്യ വീട്ടിൽ വന്ന് മകൻ റയാനുമായി മണിയൻ ചിറയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. ചപ്പാത്ത് പാലത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്ക് ആക്രമിച്ചു. ഇതിന്റെ ആഘാതത്തിൽ മൂന്നുപേരും ബൈക്കിൽ നിന്നും തെറിച്ചു വീണു. സനുവാണ് ബൈക്ക് ഓടിച്ചത്.
ഈ സമയം ഇതുവഴി വന്ന മംഗലംഡാം വനം വകുപ്പ് ഉദ്യോഗസ്ഥർ പരുക്കേറ്റവരെ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി നെന്മാറയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നേരം ഇരുട്ടും മുന്പെ പന്നിക്കൂട്ടങ്ങൾ റോഡുകൾക്കു കുറുകെ പായുന്നത് പല ഭാഗത്തും വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.