ഗോപിനാഥ് മുതുകാടിന് സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിൽ ആദരം
തോമസ് ടി. ഓണാട്ട്
Thursday, May 1, 2025 2:57 PM IST
അഡലെയ്ഡ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകനുമായ പത്മശ്രീ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിൽ ആദരിച്ചു. അഡലെയ്ഡ് പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്കി.
ഇന്ത്യൻ രീതിയിൽ പൊന്നാടയണിയിച്ചാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനത്തെ ജിംഗ് ലീ പ്രത്യേകം അഭിനന്ദിച്ചു. മാജിക്കിലൂടെ വ്യക്തികളെയും സമൂഹത്തെയും പ്രചോദിപ്പിക്കുന്ന മുതുകാടിന്റെ അതുല്യ പ്രവര്‍ത്തനത്തിന് യൂണിസെഫിന്റെ അവാർഡ് ലഭിച്ചത് അവർ ചുണ്ടിക്കാട്ടി.
തിരുവനന്തപുരം കേന്ദ്രമാക്കി മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളെയും ഓസ്ട്രേലിയയിലെ മാനസിക വൈകല്യമുള്ള കുട്ടികളെയും ഒരുമിപ്പിച്ചു കൊണ്ടുള്ള പരിപാടി ഓസ്ട്രലിയിൽ സംഘടിപ്പിക്കാൻ ഗവൺമെന്റ് തലത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുൻ ഡെപ്യൂട്ടി പ്രീമിയർ കൂടിയായ ജിംഗ് ലീ പറഞ്ഞു.

ഡിഫറന്റ് ആർട്ട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന എം ക്യൂബ് മെഗാ ഷോ യുമായി ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു മുതുകാട്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ പാര്‍ലമെന്റ് ഹൗസിലേക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ജിംഗ് ലീ വിശദീകരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണ് ഈ ബഹുമതിയെന്ന് മറുപടി പ്രസംഗത്തിൽ മുതുകാട് പറഞ്ഞു.
ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്, നാസര്‍, പ്രീതി, ജെയിംസ് കാഞ്ഞിരത്തിങ്കൽ, പോളി പാറക്കാടൻ, റോയി കാഞ്ഞിരത്താനം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആറ് ഓസ്ട്രേലിയൻ നഗരങ്ങളിൽ ഗോപിനാഥ് മുതുകാടിന് സ്വീകരണവും സ്റ്റേജ്ഷോയും സഘടിപ്പിച്ചിട്ടുണ്ടെന്നു സംഘാടകരായ റോയി കാഞ്ഞിരത്താനം, പോളി പാറക്കാടൻ എന്നിവർ പറഞ്ഞു.