ബഹുസ്വരതയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
ഷക്കീബ് കൊളക്കാടൻ
Wednesday, October 8, 2025 7:07 AM IST
റിയാദ്: സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈവിവിധ്യമായ വിശ്വാസ, ആചാര, അനുഷ്ഠാന ചിന്താ ധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് ശിഹാബ് കോട്ടുക്കാട് പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടമായി കൊണ്ടിരിക്കുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കാനും വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത രംഗത്തുള്ളവർ കൈകോർക്കണമെന്ന് വിഷയം അവതരിപ്പിച്ച സയ്യിദ് സുല്ലമി ആഹ്വാനം ചെയ്തു.
ജാതിമത വിവേചനങ്ങളുടെ പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന കാഴ്ച നമ്മുടെ രാജ്യത്ത് ഇനിയും ആവർത്തിക്കപ്പെട്ടു കൂട, വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ മുസ്ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികൾക്ക് വർഗീയ ഫാസിസ്റ്റുകളാൽ ജീവൻ നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. സർക്കാരും സമൂഹവും ബഹുസ്വരതയും നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്ന് സി.പി. മുസ്തഫ (കഐംസിസി പ്രസിഡന്റ്) അഭിപ്രായപ്പെട്ടു.
വെറുപ്പിന്റെയും അകൽച്ചയുടെയും മുളകൾ നുള്ളി നശിപ്പിക്കണമെന്ന് രഘുനാഥ് പറശിനിക്കടവും (ഒഐസിസി വൈസ് പ്രസിഡന്റ്) നന്മയുടെ മാർഗത്തിൽ ജാതിയോ മതമോ നോക്കാതെ മനുഷ്യനാണ് എന്ന ചിന്തയോടെ കരുണ കാണിക്കുണമെന്ന് അഷ്റഫ് മൂവാറ്റുപുഴയും (എൻആർ കെ വൈസ് ചെയർമാൻ) മറ്റുള്ളവരെ ബഹുമാനിക്കുക, അവരോട് നീതിയിൽ നില കൊള്ളുക, അങ്ങനെ സമാധാനം ഉറപ്പ് വരുത്തുകയെന്ന് (റഹ്മത്തെ ഇലാഹി, സെക്രട്ടറി മുസ്ലിം കോഡിനേഷൻ കമ്മിറ്റിയും) ബഹുസ്വരതയും നീതിയും സമാധാനവും കുടികൊള്ളുന്ന സമൂഹത്തിനായി നമുക്ക് കൈ കോർക്കാമെന്ന് നൗഫൽ സിദ്ധീഖും (കേളി കേന്ദ്ര കമ്മറ്റി) അഭിപ്രായപ്പെട്ടു.