കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം
അനിൽ സി. ഇടിക്കുള
Wednesday, October 8, 2025 7:23 AM IST
അബുദാബി: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഭാരതത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം തുടർച്ചയായി പതിനാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്കുന്ന അംഗീകാരമാണ് ഇത്.
പ്രസിഡന്റ് റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡൻറ്റുമാരായ റവ. ബിജോ എബ്രഹാം തോമസ്, റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, അക്കൗണ്ടന്റ് സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റിയാണ് 2024 -25 വർഷത്തെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.
ബാഹ്യ ഇന്ത്യയിലെ മികച്ച ശാഖയ്ക്കുള്ള പുരസ്കാരം അബുദാബി മാർത്തോമ ഇടവകയുടെ 54-ാമത് ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി, അഭിവന്ദ്യ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത അബുദാബി യുവജനസഖ്യം ഭാരവാഹികൾക്ക് നൽകി.
മികച്ച ശാഖാ കിരീടം കൂടാതെ മാർത്തോമ്മാ സഭയുടെ പഠന പുസ്തക പരീക്ഷയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള ട്രോഫിയും അബുദാബി മാർത്തോമ്മാ യുവജനസഖ്യം കരസ്ഥമാക്കി.
ഇതേ പരീക്ഷയിൽ രണ്ടാം റാങ്ക് അബുദാബി മാർത്തോമ്മാ യുവജനസഖ്യം അംഗം അലീന ജിനു നേടി.