സ്വർണപ്പണയ വായ്പ തീരുമാനം പുനഃപരിശോധിക്കണം
Tuesday, August 27, 2019 11:17 PM IST
സ്വർണപ്പണയ കൃഷിവായ്പകളിൽ അനർഹർ വായ്പകൾ എടുക്കുന്നു എന്ന കൃഷിമന്ത്രിയുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ മുതൽ കൃഷിക്കാർക്കു നാലുശതമാനം നിരക്കിൽ ലഭിച്ചുവന്നിരുന്ന വായ്പകൾ നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം. കൃഷിക്കാർക്കു പൊതുമേഖലാ ബാങ്കുകളിൽ കുറഞ്ഞ പലിശനിരക്കിൽ കിട്ടുന്ന ഏക വായ്പയാണിത്. ഇതര വായ്പകൾ ലഭ്യമല്ല.
കൃഷിക്കാരനെ സംന്ധിച്ചിടത്തോളം റബർ തുടങ്ങിയ ഉത്പന്നങ്ങൾ സംസ്കരിച്ചു വിറ്റുവേണം കൈയിൽ പണം വരാൻ. കൃഷി ഇറക്കുന്ന സമയത്തു മാത്രമല്ല കൃഷിക്കാരന്റെ കൈയിൽ പണം ആവശ്യമുള്ളത്. മക്കളുടെ വിദ്യാഭ്യാസം, ആശുപത്രിച്ചെലവുകൾ, മറ്റ് അടിയന്തര ചെലവുകൾ എന്നിവയ്ക്കായി പണം ആവശ്യമായി വരുമ്പോൾ ഏറ്റവും കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന സ്വർണപ്പണയ വായ്പ വലിയ സഹായമായിരുന്നു. അതു നിർത്തലാക്കാനും ബാങ്കിന്റെ കരിനിയമങ്ങൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കാനുമുള്ള തീരുമാനത്തിൽനിന്നു പിന്മാറണം. ഈ തീരുമാനം സ്വകാര്യപണമിടപാടു സ്ഥാപനങ്ങളെ സഹായിക്കാനേ ഉപകരിക്കൂ.
നിക്ഷേപ വായ്പ അനുപാതം ഉയർത്താൻ അനർഹർക്കു വായ്പ അനുവദിച്ചു കൊടുക്കുന്നതിൽ ബാങ്കുകൾക്കും പങ്കുണ്ട്. നാലു ശതമാനം നിരക്കിൽ വായ്പ വാങ്ങി ആ പണം അതേ ബാങ്കിലോ മറ്റു ബാങ്കുകളിലോ സ്ഥിരനിക്ഷേപം നടത്തി ലാഭം നേടുന്ന വൻകിടക്കാരെ തിരിച്ചറിയണം. ഇതിന്റെ പേരിൽ ചെറുകിട കർഷകരെ ചൂഷണം ചെയ്യരുത്.
ജോസ് വെള്ളാന്തടം, വാഴൂർ