കായിക അധ്യാപകരെ നിയമിക്കണം
Monday, October 20, 2025 12:02 AM IST
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഹൈസ്കൂൾ, യുപി സ്കൂളുകളിലും കായിക അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തയാറാകണം. നമ്മുടെ സ്കൂളുകളിൽ മതിയായ കായിക പരിശീലനവും കായിക വിദ്യാഭ്യാസവും ലഭ്യമാക്കണമെങ്കിൽ കായിക പരിശീലകൻ അനിവാര്യമാണ്.
കായിക പരിശീലകന്റെ അഭാവം സബ്ജില്ല കായികമേളകളിലും ജില്ലാ കായികമേളകളിലും പങ്കെടുത്ത കുട്ടികളുടെ പ്രകടനത്തിൽനിന്നു മനസിലാക്കാവുന്നതേയുള്ളൂ. മിക്ക കുട്ടികളും വളരെ മോശം പ്രകടനമാണു കാഴ്ചവച്ചത്. വേണ്ടത്ര പരിശീലനം ലഭ്യമാകാത്തതാണ് ഇതിനു കാരണം. സാന്പത്തിക ബുദ്ധിമുട്ടുകളും മെച്ചപ്പെട്ട ഗ്രൗണ്ടുകളും ലഭ്യമാകാത്തതുകൊണ്ടും സബ്ജില്ല കായികമേളകൾ പലതും തട്ടിക്കൂട്ട് മേളകളായി അവസാനിച്ചു.
കായികാധ്യാപകർ ഇല്ലാത്തതിനാൽ മറ്റ് അധ്യാപകർക്കു കായിക പരിശീലനം നൽകാൻ ആവശ്യമായ സമയവും സാങ്കേതിക കഴിവുകൾ ഇല്ലാതെ കുട്ടികൾക്കു മെച്ചപ്പെട്ട കായികപരിശീലനം നൽകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. തീവ്ര പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട കായികശേഷി പല കുട്ടികൾക്കും ലഭ്യമാകാതെ പോകുന്നു. കായികപരിശീലനവും കായികശേഷിയും പാഠപുസ്തകങ്ങളിൽനിന്നു നേടാവുന്നതല്ല, മറിച്ച് തുടർച്ചയായി കഠിന പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടതാണ്. ഇതിനാവശ്യമായ പ്രാവീണ്യം നേടിയ കായികാധ്യാപകർ തന്നെ കുട്ടികളുടെ പരിശീലനത്തിന് അനിവാര്യമാണ്. ഇല്ലെങ്കിൽ കേരളത്തിലെ കുട്ടികൾ ദേശീയതലത്തിൽ പിന്നോട്ടുപോകുമെന്നു മാത്രമല്ല കായികശേഷിയില്ലാത്ത ഒരു ഭാവിതലമുറയായിരിക്കും കേരളത്തിൽ രൂപപ്പെടുക.
മറ്റൊരു കാര്യം മതിയായ കായികപരിശീലനത്തിലൂടെ കായികശേഷി വികസിപ്പിക്കാത്തതാണ് കുട്ടികളിലും യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തീരാൻ ഇടയാക്കുന്നത്. കുട്ടികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അധിക ഊർജം കായികമായി ഉപയോഗപ്പെടുത്തുന്നതിന് മെച്ചപ്പെട്ട രീതിയിലുള്ള കായികപരിശീലനം അനിവാര്യമാണ്. കായിക പരിശീലനത്തിലൂടെ നല്ല സ്വഭാവരൂപീകരണം സാധ്യമാക്കാനാകും. ഇതിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു പോകുന്ന കുട്ടികളെയും യുവാക്കളെയും നേർവഴിയിൽ നടത്തുന്നതിനും നല്ല സ്വഭാവമുള്ള ഉത്തമ പൗരന്മാരാക്കി വളർത്തുന്നതിനും കഴിയും. അടുത്ത അധ്യയനവർഷമെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മതിയായ കായികാധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസമന്ത്രിയും താത്പര്യമെടുക്കണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി