കയർമേഖല നേരിടുന്ന പ്രതിസന്ധികൾ
Monday, September 2, 2019 11:30 PM IST
കേരം തിങ്ങും കേരളനാട് എന്നു പേരു പോലെതന്നെ കേരളത്തിന്റെ കയർ ലോകമാകെ അറിയപ്പെടുന്ന ഉത്പന്നമാണ്. കയറിന്റെ പെരുമ കയർതൊഴിലാളികളുടെ സ്വർഗീയ ഭൂമിയാക്കി ഈ നാടിനെ മാറ്റേണ്ടതാണ്. എന്നാൽ, ചകിരി ഇഴപിരിച്ച് കയർ ഉണ്ടാക്കുന്ന തൊഴിലാളികൾ ഇന്നും കഷ്ടപ്പാടിൽത്തന്നെ. കയർസംഘങ്ങൾ വെന്റിലേറ്ററിലാണ് എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.
ഉജ്വല സമരകഥ പാടിനടന്നവർ അധികാരക്കസേരയിലായപ്പോൾ തൊഴിലാളിക്ക് ആശ്വാസമേകുന്ന പദ്ധതികൾ ആവിഷ്കരിക്കാനോ നടപ്പിലാക്കാനോ തയാറായില്ല. തൊഴിലാളികൾ കൂലിയും വേലയുമില്ലാതായപ്പോൾ തൊഴിലുറപ്പിൽ അഭയംതേടിയത് സംഘങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. തൊഴിലാളികളുടെ കൂലിയും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിന്റെ ബാധ്യത സംഘങ്ങളുടെ ചുമലിലാകാതിരിക്കാൻ സംഘങ്ങൾക്കു സർക്കാർ നൽകുന്ന കൂലി സഹായവിഹിതം വർധിപ്പിക്കാൻ സർക്കാർ തയാറാകണം.
കയറിനും കയർ ഉത്പന്നങ്ങൾക്കും നല്ല വില ലഭിക്കാത്തതാണ് ഈ മേഖലയെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം. ഉത്പന്നച്ചെലവ് അടിസ്ഥാനമാക്കി വില നിർണയിച്ചപ്പോൾ ഈ പ്രശ്നത്തിനു പരിഹാരമാകും. ആവശ്യാനുസരണം ചകിരി കിട്ടാത്തതാണ് സംഘങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നം. തൊണ്ട് സംഭരിച്ച് ചകിരി ഉത്പാദിപ്പിച്ച് പ്രവർത്തിക്കുക എന്നു പറയുന്നത് കേൾക്കുന്പോൾ ഇന്പമുള്ളതായി തോന്നുമെങ്കിലും വിജയകരമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല. തൊണ്ട് സംഭരണത്തിലും ചകിരി ഉത്പാദനത്തിലും നേരിടുന്ന അപാകതകളും പ്രശ്നങ്ങളും പരിഹരിക്കാൻ ആത്മാർഥമായ പരിശ്രമം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണം.
ഏഴെട്ടു മാസമായി സംഘങ്ങൾക്ക് കയർഫെഡിൽനിന്ന് ചകിരി ലഭിക്കുന്നില്ല. ഈ അവസരം മുതലാക്കുന്നത് തമിഴ്നാട്ടിൽനിന്നുള്ള സ്വകാര്യ കയർ കച്ചവടക്കാരാണ്. കയർപിരിക്കു കൂലി വർധിപ്പിച്ചത് ഇപ്പോൾ സംഘങ്ങളുടെ ബാധ്യതയിലാണ്. സർക്കാരിന്റെ ഈ അതിബുദ്ധി സംഘങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു.
കയർ ഉത്പന്നങ്ങൾക്കു കയർ കോർപറേഷൻ മുഖാന്തിരം ഓർഡറുകൾ ലഭ്യമാക്കുകയും ന്യായവില ഉറപ്പാക്കുകയും പണം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ രംഗത്തു പ്രവർത്തിക്കുന്ന ചെറുകിട ഫാക്ടറി ഉടമകൾക്കും തൊഴിലാളികൾക്കും സംഘങ്ങൾക്കും നിലനിൽക്കാൻ കഴിയൂ.
കയർ തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. മറ്റൊരു മാർഗമില്ലാത്തതുകൊണ്ടു മാത്രമാണ് ജീവനക്കാർ സംഘങ്ങളിൽ ജോലിക്കാരായി തുടരുന്നത്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുകയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും വേണം.
വകുപ്പ് ഉദ്യോഗസ്ഥന്മാർ സംഘങ്ങൾ ഇല്ലാതാക്കാനുള്ള നിയമഖണ്ഡവുമായിട്ടല്ല സംഘങ്ങളെ സമീപിക്കേണ്ടത്. എങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമാക്കാം എന്ന സമീപനമാണ് വേണ്ടത്.
മോഹൻ ഡി.ബാബു, വൈക്കം