പഠനത്തിനു ക്യാപ്സൂൾ വരുമോ?
Tuesday, September 3, 2019 11:24 PM IST
പേനയും കടലാസും പുസ്തകവുമൊക്കെ അപ്രത്യക്ഷമാവുകയാണെന്നു പലരും ആശങ്കപ്പെടുന്നു. കാരണം സമസ്ത മേഖലയിലും വായന തിരസ്കരിക്കപ്പെടുകയാണ്. വാട്സാപ്പിലും ഫെയ്സ് ബുക്കിലേയും ക്യാപ്സൂൾ റീഡിംഗ് മാത്രമായി വായനയെ തരംതാഴ്ത്തിയിരിക്കുന്നു. വായനശാലകളും പത്രങ്ങളും ചരിത്രപുസ്തകങ്ങളും ഒക്കെ ഓർമയുടെ ശേഖരത്തിലേക്ക് മാറ്റപ്പെടുന്ന കാഴ്ചയാണെങ്ങും. സമയമില്ലെന്നു പറയുന്ന "ന്യൂജെൻ’ മൊബൈൽ ഫോണിന്റെ മുന്നിൽ കുത്തിയിരിക്കുന്നതിന് യാതൊരു മടിയുമില്ല.
പഠനമുറികളിൽ വായനയ്ക്കും എഴുത്തിനും വേണ്ടത്ര പരിഗണനയില്ലെന്നതു യാഥാർഥ്യം. കൈയെഴുത്തു മാസികകളും വാർഷിക മാസികകളും ഒരേ വിദ്യാലയങ്ങളിൽ സജീവമാണെങ്കിലും അവയൊന്നും കുട്ടികളുടെ സർഗവാസനകളെ ഫലപ്രാപ്തിയുടെ വഴിയിലെത്തിക്കുന്നതല്ല; മറിച്ച് എല്ലാം വിദ്യാലയങ്ങളിലെ "കാര്യപരിപാടി’യുടെ ഭാഗം മാത്രമായി തോന്നിപ്പോകുന്നു. വ്യക്തിത്വമാണ് മനുഷ്യൻ എന്നു പറയാറുണ്ട്. ഈ വ്യക്തിത്വ രൂപീകരണത്തിലേക്ക് അനിവാര്യമായ ഒന്നാണ് സമഗ്രമായ വായന.
അറിവേറെയുണ്ടെങ്കിലും അറിവിന്റെ വിശാലത ഇന്ന് കുറഞ്ഞുപോകുന്നു. ജീവിത വഴിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിടയുള്ളതുമായ യാഥാർഥ്യങ്ങൾ വിദ്യാർഥികൾക്ക് അന്യമാകുന്നു. യാഥാർഥ്യബോധത്തോടെ ജീവിതത്തെ ദർശിക്കണമെങ്കിൽ ചിരസ്മരണീയരായ ചരിത്രവ്യക്തിത്വങ്ങളെ വായനയിലൂടെ കണ്ടുമുട്ടണം. കഴിഞ്ഞുപോയ കാലത്തെ വിസ്മൃതിയുടെ "കർട്ടൻ’ ഇട്ട് മൂടാതെ നാളെയുടെ തലമുറയിലേയ്ക്കു പകർന്നു നൽകണം. അതിന് വായന കൂടിയേ തീരൂ!
ഒരു "സബ്ജക്ട് എക്സ്പേർട്ടി’നെ രൂപപ്പെടുത്തുന്നതിനു പകരം ജീവിതത്തെ പ്രായോഗികമായി നേരിടുന്നതിനുള്ള ജീവിത ബോധനം വിദ്യാഭ്യാസത്തിന്റെ കാതലാകണം. പുസ്തകഭാരം കൊണ്ട് കുട്ടികളുടെ നട്ടെല്ലിനെ വളയ്ക്കാതെ നല്ല മനസിനെ ഉണർത്താൻ പര്യാപ്തമായ പഠനം ഉണ്ടാകണം. പഠനമുണ്ടെങ്കിലും വളരുന്ന മനസിന്റെ ഉടമകളായി ഇന്നത്തെ തലമുറ മാറുന്നതിലും മാതൃകയുടെ വായനാമുറികളുടെ അപര്യാപ്തയുണ്ടെന്നറിയണം. വായന മനുഷ്യനിലെ മനുഷ്യത്വത്തെ വളർത്തുന്നതുമാകണം.
ആധുനിക നാളുകളിൽ നമുക്കിടയിൽ പ്രസിദ്ധീകരണ ബാഹുല്യം തന്നെ ദൃശ്യമാണ്. പക്ഷേ, എല്ലാം വായനയുടെ ലോകത്തേക്ക് കടന്നെത്തുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നു. എല്ലാവരുടേയും കൈയിൽ പേനയ്ക്കു പകരം ഫോൺ സ്ഥാനം പിടിച്ചിരിക്കുന്നു. പോക്കറ്റിൽ പേന കാണുന്നത് ബാലിശമായ നടപടിയായി മാറിക്കഴിഞ്ഞു.
എന്തു പറഞ്ഞാലും ഫോണിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യുന്ന കാഴ്ച. അതുകൊണ്ടുതന്നെ തലച്ചോറെന്നത് വലിയ പ്രസക്തിയില്ലെന്നായോയെന്നു സംശയിക്കുന്നു. കാരണം ഒരു കാര്യവും ഓർമയിൽ സേവ് ചെയ്യേണ്ടതില്ലെന്ന ഒരു നിസംഗത ഉടലെടുത്തിരിക്കുന്നു. സ്വന്തം ഫോൺ നന്പർ പോലും ഫോണിൽ നോക്കണമെന്ന ഒരു അലംഭാവം നമ്മിൽ വന്നുപെട്ടു. എഴുത്ത് പോസ്റ്റു ചെയ്യുവാൻ പോസ്റ്റ് ഓഫീസിലെത്തുന്നവരെ അന്യഗ്രഹജീവിയെപ്പോലെയാണ് സമൂഹം നോക്കുന്നത്.
ബുക്കും പേനയും പുസ്തകവുമൊക്കെ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ് എല്ലാവിഷയങ്ങൾക്കും കുട്ടികൾക്കു കൊടുക്കാനായി "ക്യാപ്സൂളുകൾ’ ലബോറട്ടറികളിൽ നിന്നു പുറത്തുവരുന്ന കാലം വിദൂരമല്ലെന്ന് തോന്നുന്നു. ഇത്ര അഡ്വാൻസ് സ്റ്റഡീസിലെത്തും മുന്പ് വായനയുടെ പ്രസക്തി മക്കളിലേക്കെത്തിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ജീവിതത്തോടെ ചേർത്തു വായിക്കാനായേക്കാം?
പഠനമുറികൾ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കണം. വായനശാലകളിൽ നാളെയുടെ തലമുറ കടന്നെത്തണം. യുവനിരയുടെ മേൽനോട്ടത്തിൽ വായനശാലകൾ ഉണരട്ടെ. പത്രമാസികകളുടെ പ്രസക്തിയും പുസ്തകശേഖരത്തിന്റെ അമൂല്യതയും കുട്ടികൾ അറിഞ്ഞിരിക്കണം.
ടോം ജോസ് തഴുവംകുന്ന്