വിവാഹ ഹാളിലെ ഗാനമേള
Thursday, September 5, 2019 11:32 PM IST
പാട്ടുപാടാൻ അറിയില്ലെങ്കിലും പാട്ടുകളെ വളരെയേറെ ഇഷ്ടപ്പെടുന്ന അനേകരിൽ ഒരാളാണു ഞാനും. എന്നാൽ, സംഗീതം ഒരു ശല്യമായിത്തീരുന്ന ഒരു സന്ദർഭത്തെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയുന്നില്ല. വിവാഹങ്ങൾ അതിഗംഭീരമായി ആഘോഷിക്കുക ഇന്നത്തെ രീതിയായി കഴിഞ്ഞിരിക്കയാണ്. ഒരു കുടുംബത്തിന്റെ കഴിവിന്റെ പരമാവധിയാണു പലരും വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്നത്.
ഇതിന്റെ ഭാഗമായി വളരെ ബുദ്ധിമുട്ടി സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുന്നു. പരമാവധി ആളുകൾ വളരെ കഷ്ടപ്പെട്ട് ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേരുകയും ചെയ്യാറുണ്ട്. നവദമ്പതികളെ അനുഗ്രഹിക്കുന്നതോടൊപ്പം അനേക നാളുകളായി കാണാൻ സാധിക്കാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും പരിചയം പുതുക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമാണു പലരും എത്തിച്ചേരുന്നത്.
എന്നാൽ, വിവാഹ സൽക്കാര ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞാൽ തീരുന്നതുവരെ ഹാളിൽ ഗാനമേളയും ഓർക്കസ്ട്രയും നടത്തുന്നത് ഒരു ഫാഷൻ ആയി തീർന്നിരിക്കുന്നു. സംഗീതം ഇഷ്ടപ്പെടാത്തവർ ഉണ്ടായിരിക്കില്ല. എന്നാൽ, ചെവിയിൽ മുഴങ്ങുന്ന ശബ്ദത്തിൽ ഉയരുന്ന ഗാനമേളയിൽ ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നവർ പരസ്പരം പറയുന്നതുപോലും കേൾക്കാൻ കഴിയാറില്ല. ഈ അവസരത്തിൽ പലരും പ്രത്യേകിച്ച് പ്രായമായവർ വലിയ അസ്വസ്ഥത കാണിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതു കാണാറുണ്ട്. റിക്കാർഡ് ചെയ്ത എന്തെങ്കിലും സംഗീതം നേരിയ ശബ്ദത്തിൽ വച്ചാൽ എത്ര സുന്ദരമാക്കാം ഈ സന്ദർഭങ്ങൾ. അതിഥികളെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള തട്ടുപൊളിപ്പൻ ഗാനമേളകൾ വിവാഹസത്കാരം നടക്കുന്ന ഹാളിൽ ഒഴിവാക്കുന്നതല്ലേ ഉചിതം?
ജയിംസ് മുട്ടിക്കൽ, തൃശൂർ