പെട്രോളിയം, പാചകവാതക വിലവർധന ജനദ്രോഹപരം
Thursday, September 26, 2019 11:07 PM IST
രാജ്യത്തെ ജനങ്ങളെയും സർവോപരി വീട്ടമ്മമാരെയും വെല്ലുവിളിച്ചുകൊണ്ട് പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുകയറുകയാണ്. സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഈ വിലവർധന എല്ലാ മേഖലയെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കണം.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ യാതൊരു കുറവും വരുത്താതെയും പാചക വാതകങ്ങളുടെ വില അനുദിനം വർധിപ്പിച്ചും വില വർധനവിനെതിരേയുള്ള പ്രതിഷേധങ്ങൾക്ക് പുല്ലു വില കല്പിച്ച് കേന്ദ്രസർക്കാർ ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തുകയാണ്.
കേരളത്തിൽ വന്നുഭവിച്ച പേമാരിയും അതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ജനങ്ങളെ ദുരിതത്തിലാക്കി.
മാനസികവും സാന്പത്തികവുമായി തകർച്ചയിൽ ആയിരിക്കുന്പോൾ, കേന്ദ്രസർക്കാർ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് കഷ്ടമാണ്.
പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ സകല കടന്പകളും കടന്ന് ആകാശത്തേക്കു കുതിച്ചുയരുന്നത് ഇവിടുത്തെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും പ്രതികരണ ശേഷി ഇല്ലാത്തതുകൊണ്ടാണോ? സമരങ്ങളും ഹർത്താലും ഭാരത് ബന്ദും അതിന്റെ വഴിയേപോയി. വിലക്കയറ്റത്തിൽ വയറ്റത്തടിയേറ്റ ജനങ്ങൾക്ക് മോദി വന്നപ്പോൾ "ആധി'യായ സ്ഥിതി വന്നിരിക്കുകയാണ്.
സിറിയക് ആദിത്യപുരം, കടുത്തുരുത്തി