പ്രളയ പ്രദേശങ്ങളിൽ ഹാൻഡ് പന്പുകൾ നിർമിക്കാം
Thursday, September 26, 2019 11:07 PM IST
1977ൽ ആന്ധ്രാപ്രദേശിൽ വളരെ ശക്തിയേറിയ സൈക്ലോണും ടൈഡൽ വേവും ഉണ്ടായി. അപ്പോൾ അപ്രതീക്ഷിതമായി ഇരുപത്തഞ്ചടിയോളമുയരത്തിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു കയറി. തീരപ്രദേശത്തുനിന്ന് 12 കിലോമീറ്ററോളം ഉള്ളിലേക്ക് കൃഷ്ണാനദി വരെ തിരമാലകൾ കയറി. അത്രയും പ്രദേശത്തുണ്ടായിരുന്ന ജീവജാലങ്ങൾ, മനുഷ്യരും മൃഗങ്ങളും ചത്തടിഞ്ഞു.
കടൽ ഇറങ്ങിയപ്പോൾ കുളങ്ങളിലും കിണറുകളിലുമെല്ലാം ഉപ്പുവെള്ളമായി. വൈദ്യുതിയും നിലച്ചു. അവിടെ ദുരിതാശ്വാസത്തിനു പോയ ഞങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നതിന് ആശ്രയമായിരുന്നത് അവിടവിടെ നിർമിച്ചിരുന്ന ഹാൻഡ് പന്പുകളായിരുന്നു. ഇതു കേരളത്തിലെ പ്രളയ പ്രദേശങ്ങളിലും ചെയ്യാവുന്നതാണ്.
പ്രളയത്തിനുശേഷം കിണറുകളിലും കുളങ്ങളിലുമെല്ലാം അഴുക്കുവെള്ളമാകുന്പോൾ നാമിപ്പോൾ ആശ്രയിക്കുന്നത് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെയാണ്. ഇതിനു പരിഹാരമാണ് ഹാൻഡ് പന്പുകൾ. പ്രളയത്തെ തുടർന്ന് വൈദ്യുതിയും ഇല്ലാതാകുന്നു. അപ്പോൾ വൈദ്യുതി ആവശ്യമില്ലാതെ മനുഷ്യപ്രയത്നം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഹാൻഡ് പന്പുകൾ സഹായകമാണ്. ഉപരിതലത്തിനടിയിൽ ശുദ്ധജലമുണ്ടായിരിക്കുമല്ലോ.
പ്രളയങ്ങൾക്കുശേഷം ദുരിതാശ്വാസത്തിലും നവകേരളസൃഷ്ടിയിലും വ്യാപൃതരായിരിക്കുന്ന നമുക്ക് പ്രളയപ്രദേശങ്ങളിലെ ജീവികൾക്ക് പ്രളയം കഴിയുന്പോൾ ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടി ചെയ്യാവുന്ന വലിയ സേവനമായിരിക്കും അവിടങ്ങളിൽ നിർമിക്കുന്ന ഹാൻഡ് പന്പുകൾ.
കെ.ജെ. മാത്യു എസ്.ജെ.