കേന്ദ്രത്തിന്റേത് "മണ്ടണോമിക്സ്’!
Sunday, September 29, 2019 1:23 AM IST
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ ഗവണ്മെന്റ് എന്തെല്ലാം കണ്കെട്ട് വിദ്യകളാണ് കാണിക്കുന്നത്. ഈ പോക്ക് പോയാൽ പ്രതിസന്ധി മറികടക്കാൻ ആവുമോ ? വ്യവസായികൾക്ക് കോർപറേറ്റ് നികുതി ഇളവ് നൽകിയാൽ ഈ രാജ്യത്തെ 130 കോടി ജനങ്ങൾക്ക് എന്താണ് പ്രയോജനം? ഇതുമൂലം ഓഹരിവിപണിയിൽ ആയിരവും രണ്ടായിരവും പോയിന്റ് പൊക്കിക്കാണിച്ചാൽ ഈ രാജ്യത്തെ കൃഷിക്കാർക്കും സാധാരണക്കാർക്കും എന്താണ് മെച്ചം?
ഓഹരി വിപണിയിലൂടെ ഒരു ദിവസം കൊണ്ട് ഏഴു ലക്ഷം കോടി രൂപ നിക്ഷേപകർക്കു ലാഭം ഉണ്ടായി എന്നു പറയുന്നത് ആർക്കാണ് ലഭിക്കുന്നത്. അത് വെറുമൊരു സാങ്കല്പിക ലാഭമല്ലേ? എന്നാൽ, കോർപറേറ്റ് നികുതി ഇളവിലൂടെ ഒരു വർഷം 1.4 ലക്ഷം കോടിയുടെ ആനുകൂല്യമാണ് വ്യവസായികൾക്ക് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഖജനാവിലേക്കു വരേണ്ടിയിരുന്ന പ്രസ്തുത തുക കേന്ദ്രം വ്യവസായികൾക്കു വെറുതെ കൊടുത്തിരിക്കുന്നു എന്നു സാരം.
വലിയ സാന്പത്തിക പാപ്പരത്തത്തിലേക്കു രാജ്യം കൂപ്പുകുത്തുന്ന സാഹചര്യത്തിൽ മാത്രം എടുത്ത് ഉപയോഗിക്കേണ്ട റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം കേന്ദ്രം എന്നേ എടുത്തു ചെലവാക്കിക്കഴിഞ്ഞു. എല്ലാദിവസവും നാലുനേരം വച്ച് ജവഹർലാൽ നെഹ്റുവിനെ പഴി പറയുന്ന കേന്ദ്ര ബിജെപി ഗവണ്മെന്റ്, നെഹ്റു ദീർഘവീക്ഷണത്തോടെ തുടങ്ങിവച്ചവയും രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയുടെ നെടുംതൂണുകളുമായ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റ് കിട്ടുന്ന പണം കൊണ്ടല്ലേ നിത്യനിദാന ചെലവുകൾ നടത്തി പിടിച്ചുനിൽക്കുന്നത്?
കോടിക്കണക്കായ നിക്ഷേപകർ വിശ്വസിച്ചു പണം നിക്ഷേപിക്കുന്ന എൽഐസിയുടെ എത്രയോ ആയിരം കോടികളാണ് കേന്ദ്ര ഗവണ്മെന്റ് തിരിച്ചുംമറിച്ചും കൈകാര്യം ചെയ്യുന്നത്? സാന്പത്തികമായി രാജ്യം ആടിയുലയുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷം കോടിയുടെ സന്പദ്വ്യവസ്ഥ എന്നൊക്കെ പറഞ്ഞു ജനങ്ങളെ മണ്ടന്മാരാക്കുകയല്ലേ കേന്ദ്രം ചെയ്യുന്നത്. രാജ്യത്തു സാന്പത്തിക ഉണർവ് ഉണ്ടാകണമെങ്കിൽ ഇവിടത്തെ 130 കോടി ജനങ്ങളുടെ വാങ്ങൽശേഷി അല്ലേ വർധിക്കേണ്ടത്? അല്ലാതെ ഉത്പാദനം വർധിപ്പിച്ചിട്ട് ആര് വാങ്ങാൻ?
രാജ്യത്തെ വാഹന വിൽപ്പന 35 ശതമാനം വരെ ഇടിഞ്ഞിരിക്കുന്നു. വാഹനനിർമാണ പ്ലാന്റുകൾ ഉത്പാദനം കുറയ്ക്കുകയും നിർത്തിവയ്ക്കുകയും ചെയ്യുന്നു. നിലവാരമില്ലാത്ത റബർ ഇറക്കുമതി ചെയ്തു ആഭ്യന്തര വിലയിടിച്ചു റബർ കർഷകരെ കൊള്ളയടിച്ച ടയർ കന്പനികൾ ഉത്പാദനം കുറയ്ക്കുകയും അടച്ചിടുകയും ചെയ്യുന്നു. കേരളത്തിലെ വാഹന വിപണിയുടെ നട്ടെല്ല് റബർ കർഷകരായിരുന്നു. അവരുടെയും അവരെപോലെയുള്ള ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും കണ്ണുനീരാണ് ടയർ കന്പനികളുടെയും കാർ നിർമാണ കന്പനികളുടെയും തകർച്ചയ്ക്ക് കാരണം.
വാങ്ങൽശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് വ്യവസായികളും കേന്ദ്ര സർക്കാരും ശ്രമിക്കേണ്ടത്. ഇന്ത്യൻ സന്പദ് വ്യവസ്ഥ ഉയിർത്തെഴുന്നേൽക്കണമെങ്കിൽ ഇന്ത്യയിലെ കർഷകരുടെ കൈയിൽ പണം എത്തണം. അല്ലാതെ ജവഹർലാൽ നെഹ്റുവിനെയും മൻമോഹൻ സിംഗിനെയും പോലെ ദീർഘവീക്ഷണമുള്ള പ്രഗത്ഭമതികൾ കെട്ടിപ്പടുത്ത ഇന്ത്യയിലെ ശക്തമായ സന്പദ്്വ്യവസ്ഥ ഇന്നത്തെ കേന്ദ്ര ഭരണാധികാരികളുടെ "മണ്ടണോമിക്സി’ൽ ആടിയുലഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
കെ.വി. ചാക്കോ, കുടകല്ലുങ്കൽ, വെള്ളിയാമറ്റം