കർഷകരെ ആരു രക്ഷിക്കും
Wednesday, October 9, 2019 10:57 PM IST
എല്ലാവരാലും അഗവണിക്കപ്പെട്ട ഒരു വിഭാഗമായി കർഷകർ മാറിയിരിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും അവരെ കൈവിട്ടു. രാപകലില്ലാതെ മണ്ണിൽ പണിയെടുത്ത് രക്തം വിയർപ്പാക്കി, കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും പോരാടി അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായമായ വില ലഭിക്കുന്നില്ല. റബർ, കുരുമുളക്, ഏലം, തേയില തുടങ്ങി കർഷകർ ഉൽപാദിപ്പിക്കുന്ന നാണ്യവിളകൾക്ക് വില ലഭിക്കാതെ കർഷകർ എങ്ങനെ പിടിച്ചുനിൽക്കും. ഏതു കൃഷിക്കും വൻ തോതിൽ പണം മുടക്കണം. തൊഴിലാളികളുടെ കൂലി വർധിപ്പിച്ചു. വളം, കീടനാശിനി എന്നിവയ്ക്കും വൻതോതിൽ വില വർധിച്ചു.
ബാങ്കുകൾ കർഷകർക്കു വായ്പ നൽകാറില്ല. അവർ തിരിച്ചടയ്ക്കില്ല പോലും. കർഷകരുടെ ഏക ആശ്രയം ബ്ലേഡുകാരും തമിഴ്നാട്ടിൽനിന്നു വരുന്ന വട്ടിപ്പലിശക്കാരുമാണ്. ഇവയൊക്കെ വാങ്ങി പണിതും കൊണ്ടുവരുന്പോഴത്തേയ്ക്കു കാറ്റോ മഴയോ ഉരുൾപൊട്ടലോ എന്തെങ്കിലും ഉണ്ടായി വിളവു നശിക്കും. അല്ലെങ്കിൽ വില ഉണ്ടാകില്ല.
ഉദാഹരണത്തിന് ഏലക്കായ് എടുക്കാം. ഒരു കിലോഗ്രാം ഉണങ്ങിയ ഏലക്കായ്ക്ക് 7000 രൂപ വില ഉയർന്നതായി മാധ്യമങ്ങൾ ആഘോഷിച്ചു. ഒരു ലേലകേന്ദ്രത്തിൽ അഞ്ചുകിലോഗ്രാം ഏലക്കായാണ് ആ വിലയ്ക്കു ലേലത്തിൽ പോയത്. സീസണായപ്പോൾ വില രണ്ടായിരത്തിലേയ്ക്ക് എത്തുന്നു.
പത്തു ചുവട് ഏലം ഉണ്ടെങ്കിൽ അവൻ ഏലക്കാ മുതലാളിയാണ്. ഏഴു കിലോ പച്ച ഏലക്കാ ഉണങ്ങിയാൽ മാത്രമേ ഒരു കിലോ ഉണങ്ങി ലഭിക്കുകയുള്ളൂ. എഴുപതു രൂപ ഉണക്കുകൂലി ആകും. ഒരു വർഷത്തിൽ നാലുപ്രാവശ്യമെങ്കിലും വളം ചെയ്യണം. ഓരോ മുപ്പതുദിവസം കൂടുന്പോൾ വിവിധ കീടനാശിനികൾ തളിക്കണം, ഇല്ലെങ്കിൽ രോഗം ബാധിച്ച് ഏലച്ചെടികൾ നശിക്കും. റബർ ഇപ്പോൾ ടാപ്പുചെയ്യുന്നവർ കുറഞ്ഞു. ഒരു വിധത്തിലും പിടിച്ചുനിൽക്കുവാൻ റബർ കർഷകർക്കും പറ്റില്ല. കുരുമുളക് വ്യാപാരികൾക്കുവേണ്ട, തേയിലയുടെ സ്ഥിതി അതിലും ദയനീയം. ഒരു കിലോ പച്ചക്കൊളുന്തിനു കിട്ടുന്നത് 12 രൂപ.
ഈ നിലയിൽ തകർച്ചയിൽനിന്നു തകർച്ചയിലേക്കു കൂപ്പുകുത്തുന്ന കർഷകരെ ആരു രക്ഷിക്കും. കർഷകരുടെ കാര്യം പറയുവാനിവിടെ ആരുണ്ട്?
അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു, ഇടുക്കി.