മാർക്കുദാന മഹാമേള: പങ്കെടുക്കൂ; വിജയികളാകൂ
Sunday, October 20, 2019 11:07 PM IST
എല്ലാം ശരിയാക്കാം എന്നു പറഞ്ഞപ്പോൾ ഇത്രത്തോളം ആകുമെന്ന് ആരും കരുതിയില്ല. മറ്റു പല രംഗങ്ങളിലും ശരിയാക്കൽ പൂർത്തീകരിച്ചതിനു ശേഷമാണ് വിപ്ലവകരമായ ഈ ശരിയാക്കൽ എന്നത് ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്തു പുതിയൊരുണർവാണ് കൈവരുത്തിയിരിക്കുന്നത്. പാർട്ടിക്കാരെ സംസ്ഥാന സേവന മേഖലയിൽ തിരുകിക്കയറ്റാൻ പിഎസ്സി പരീക്ഷയിൽ "സംപൂജ്യ’രായവർക്കുപോലും ഉന്നത റാങ്ക് നൽകാൻ വിരുതു കാട്ടിയവരാണല്ലോ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കാർ.
പാർട്ടിക്കാരും പാർട്ടി അനുഭാവികളുമൊക്കെയാണെങ്കിൽ പഠനത്തിന് ആവശ്യമായ സമയം കിട്ടിയെന്നു വരില്ല. കാരണം, അവർക്കു കത്തി കാച്ചിക്കാനും വാൾ രാകി മൂർച്ചകൂട്ടാനും ബോംബുണ്ടാക്കാനുമൊക്കെ ഏറെ സമയം വേണ്ടിവരുമല്ലോ. ജനക്ഷേമ തത്പരരായ ഭരണാധികാരികൾക്ക് ഇതു കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ? ബിടെക്കുകാർക്ക് ഇത്തരം കാര്യങ്ങളിൽ പ്രത്യേക പരിഗണന ആവശ്യവുമാണല്ലോ.
യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാർക്കു കുറഞ്ഞവർക്കു നേരിട്ട് അതു കൂട്ടിക്കൊടുക്കാൻ സിൻഡിക്കറ്റിനുപോലും അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാർക്കുദാന അദാലത്ത് നടത്താനും വേണ്ടപ്പെട്ടവർക്കു മാർക്കു കൂട്ടിക്കൊടുക്കാനും മുൻകൈയെടുക്കുന്നത്. ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ മോഡറേഷൻ നൽകാൻ ബന്ധപ്പെട്ട വിഷയത്തിന്റെ പാസ്ബോർഡിന് ശിപാർശചെയ്യാം. സിൻഡിക്കറ്റ് ഇത് അംഗീകരിച്ചാൽ പാസ്ബോർഡിനു മോഡറേഷൻ നൽകാൻ നടപടിയെടുക്കാം. പക്ഷേ, ഇവിടെ സംഭവിച്ചത് ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാർക്ക് ദാന അദാലത്ത് സംഘടിപ്പിക്കാനും മാർക്ക് കൂട്ടിനൽകാനും മുൻകൈയെടുത്തു എന്നുള്ളതാണ്.
ഈ പ്രൈവറ്റ് സെക്രട്ടറിയുടെ യോഗ്യതകൾ ഇവയൊക്കെയാണ്. ഒന്ന്: അദ്ദേഹം മാർക്സിസ്റ്റ് പാർട്ടി അനുഭാവിയാണ്. രണ്ട്: മുന്പ് അദ്ദേഹം ഒരു സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഇതിൽപ്പരം എന്തുയോഗ്യതയാണ് മാർക്കു കൂട്ടിക്കൊടുക്കാൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു വേണ്ടത്?
അങ്ങനെ സമസ്ത മേഖലകളിലേക്കും ‘ശരിയാക്കൽ’ വ്യാപിക്കട്ടെ.
ജോ മുറികല്ലേൽ, പാലാ