വിദേശ കരാറുകളിലൂടെ ജനാധിപത്യം അട്ടിമറിക്കരുത്
Tuesday, October 22, 2019 11:27 PM IST
രാജ്യത്തെ കർഷകരെ സഹായിക്കാൻ എന്നുപറഞ്ഞ് ഒപ്പുവച്ച വിദേശ കരാറുകളെല്ലാം തന്നെ കർഷകരെ കണ്ണീരു കുടിപ്പിച്ചതല്ലാതെ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അവ സഹായിച്ചിട്ടില്ല. ആസിയാൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടതോടെ ഇന്ത്യക്കുണ്ടായ സാന്പത്തികനഷ്ടം എല്ലാ വർഷവും കൂടിവരികയാണെന്നു സർക്കാരിന്റെ റിപ്പോർട്ടുകൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ റബർ അടക്കമുള്ള കാർഷിക വിളകളുടെ വില ഇടിയുന്നതിൽ സ്വതന്ത്ര വ്യാപാര കരാറുകൾ കാരണമായിട്ടുണ്ട് . 201314 ൽ ഇന്ത്യക്കുണ്ടായ വ്യാപാരനഷ്ടം 5400 കോടി ഡോളറായിരുന്നു. 2018 19 ൽ ഇത് 10,500 കോടി ഡോളറായി ഉയർന്നു. അതായത് നഷ്ടം ഇരട്ടിയായി.
ആസിയാൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൊത്തം കയറ്റുമതിയുടെ 20 ശതമാനമാണ്. എന്നാൽ, ഇറക്കുമതി 35 ശതമാനമാണ്. ആർസിഇപി കരാറിനു വേണ്ടി ശക്തമായി വാദിക്കുന്ന ചൈനയിൽനിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത്. ചൈനയുമായി മാത്രമുള്ള വ്യാപാരനഷ്ടം 5300 കോടി ഡോളറാണ്.
ആർസിഇപി കരാർ നിലവിൽ വന്നാൽ ഇന്ത്യയിലിന്നു പ്രവർത്തിക്കുന്ന ഒട്ടേറെ വ്യവസായങ്ങൾ പൂട്ടേണ്ടിവരും. കാർഷിക മേഖലയുടെ തകർച്ച വേറെ. സ്റ്റീൽ വ്യവസായികളും ഡെയറി രംഗത്തുള്ളവരും ആർസിഇപിയെ ശക്തമായി എതിർക്കുന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാൽ ഉത്പാദനമാണ് കർഷകരെ സാന്പത്തികമായി പിടിച്ചുനിർത്തുന്നത്. ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ വലിയ പാൽ ഉത്പാദന രാജ്യങ്ങൾ ആർസിഇപി കരാറിലൂടെ ഇന്ത്യൻ വിപണി പിടിക്കാമെന്ന മോഹത്തിലാണുള്ളത്. അവിടെനിന്നു പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ ആരംഭിച്ചാൽ കേരളത്തിന്റെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ടിവരും.
ആർസിഇപി കരാർ കൊണ്ട് ഉണ്ടാകാവുന്ന പ്രധാന പ്രത്യാഘാതങ്ങൾ ഇവയാണ്. 1. ഈ കരാർ മിക്ക കാർഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം പൂജ്യത്തിലേക്കു കൊണ്ടുവരും. 2. ഈ കരാറിൽ ഒപ്പിടുന്ന രാജ്യങ്ങൾ തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ കൊണ്ടുതള്ളാനുള്ള ഒരു സ്ഥലമായി ഇന്ത്യയെ കാണുന്നുണ്ട് . ഇതു നമ്മുടെ നാട്ടിലെ ലക്ഷോപലക്ഷം വരുന്ന ചെറുകിട കർഷകരെയും സ്ത്രീകളുടെ സംരംഭങ്ങളെയും ഇല്ലാതാക്കും. 3. വൻകിട വിത്ത് കന്പനികൾക്കു തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനും, വിത്ത് സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്ന കർഷകരെ കുറ്റവാളിയാക്കാനും കഴിയും. 4. പുറത്തുനിന്നുള്ള കന്പനികൾക്ക് ഇവിടെ കൃഷി ഭൂമി വാങ്ങാനും ഉത്പാദനം നടത്താനും പൊതുസംഭരണത്തിൽ കൈകടത്താനും കഴിയും. 5. സൂപ്പർ മാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും വളരുകയും ചെറുകിട കച്ചവടക്കാർ പൂട്ടിപ്പോകേണ്ടി വരികയും ചെയ്യും. 6. കുത്തക കന്പനികൾക്ക് നമ്മുടെ കോടതികളെ മറി കടക്കാനും നമ്മുടെ കർഷകരെ സഹായിക്കുന്ന സർക്കാരിനെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ നീതി തേടാനും കഴിയും .
ആർസിഇപി കരാർ നമ്മുടെ രാജ്യത്തെ മുച്ചൂടും മുടുപ്പിക്കും എന്നു പറയേണ്ടിയിരിക്കുന്നു. ഇതുവരെ ഒപ്പുവച്ച വിദേശ കരാറുകൾ രാജ്യത്തുണ്ടാക്കിയ ഗുരുതര പ്രശ്നങ്ങൾ പഠിച്ചിട്ടു പോരേ അടുത്ത കരാറിൽ ഒപ്പുവയ്ക്കാൻ? ആർസി ഇപി പോലുള്ള കരാറുകളിൽ നിന്ന് സർക്കാർ പിന്തിരിയണം.
താഷ്കെന്റ് പൈകട, ഇടമറുക്