കൊലപാതക കഥകൾ അരങ്ങുവാഴുന്നു
Wednesday, October 30, 2019 11:48 PM IST
കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിന്റെ ഫലം വന്നതിനെതുടർന്നു പതിവുപോലെ വിഴുപ്പലക്കലും വീണ്വാക്കുകളും പരസ്പര കുറ്റാരോപണങ്ങളുമുണ്ടായി. കുരുടൻമാർ ആനയെ വർണിച്ചതുപോലെയാണ് ഓരോരുത്തടേയും ഭാഷ്യം. സത്യം പറഞ്ഞാൽ കൂടത്തായി കേസ് ഹൈജാക്ക് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്.
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയുടെ വിലയിരുത്തലാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സംസ്ഥാന മന്ത്രിസഭയെ പിടിച്ചു കുലുക്കിയ ഗുരുതരമായ അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി പ്രതിപക്ഷ നേതാവ് അക്കമിട്ട് നിരത്തിയപ്പോഴാണ് കൂടത്തായി കൊലപാതക പരന്പര കേസ് അരങ്ങു കീഴടക്കിയത്. അതോടു കൂടി സംസ്ഥാന മന്ത്രിസഭയ്ക്കെതിരേ ഉയർന്നു വന്ന അഴിമതി ആരോപണങ്ങളൊക്കെ എല്ലാവരും മറന്നു. അതൊന്നും പ്രാധാന്യത്തോടെ എഴുതാനും കാണിക്കാനും ഇടംപോരാതെ പോയി മാധ്യമങ്ങൾക്ക്.
ക്രിക്കറ്റ് കളിയുടേയും വള്ളംകളിയുടേയും ഫുട്ബോൾ കളിയുടേയുമൊക്കെ റണ്ണിംഗ് കമന്ററി പോലെ കേസ് അന്വേഷണത്തിന്റെ റണ്ണിംഗ് കമന്ററി കേൾക്കാനും കേരളീയർക്ക് ദൗർഭാഗ്യമുണ്ടായ ദിവസങ്ങളാണ് കടന്നുപോയത്.
നമ്മുടെ നാട്ടിൽ എത്രയോ നിഷ്ഠുരമായ കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നു. എത്രയോ കേസ് അന്വേഷണങ്ങളും വിചാരണകളും കോടതി വിധികളും ഉണ്ടായിരിക്കുന്നു. അതൊക്കെ അതിന്റേതായ വഴിക്ക് നടക്കട്ടെ. കൂടത്തായി കൊലപാതക പരന്പരയും അതിലെ നിഷ്ഠുരതയും ഒന്നും ആർക്കും ന്യായീകരിക്കാനാവില്ല. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിൽ ഒരു തർക്കത്തിനും കാര്യവുമില്ല. എന്നാൽ, അവരുടെയൊക്കെ കഥകൾ പത്രത്താളുകളിലും ദ്യശ്യമാധ്യമങ്ങളിലും ഇത്രയധികം നിറഞ്ഞുനിൽക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമാണ്.
അഡ്വ. എസ് അശോകൻ, തൊടുപുഴ