ഇതാണോ രാജ്യതാത്പര്യം?
Monday, November 25, 2019 11:42 PM IST
പൊതുമേഖലാ സ്ഥാപനങ്ങളുടെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് രാജ്യതാത്പര്യം സംരക്ഷിക്കേണ്ട സർക്കാർ എന്താണ് ചെയ്തുകൂട്ടുന്നത്. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം എന്നും നഷ്ടത്തിന്റെ കണക്കുപറയുന്നതിലെ സാന്പത്തികശാസ്ത്രം ചിന്തിക്കേണ്ടേ? തൊഴിലില്ലായ്മയെക്കുറിച്ചു രാജ്യത്തെ ജനങ്ങൾ പരിതപിക്കുന്ന അവസ്ഥയിൽ തൊഴിലുള്ളവർ യൂണിയൻ പ്രവർത്തനങ്ങളും സമരവും പണിമുടക്കും ആഘോഷിക്കുന്നതിലെ വൈരുധ്യവും പഠനവിഷയമാക്കേണ്ടേ?. തൊഴിലെടുത്തില്ലെങ്കിലും ശന്പളവും ഇതര ആനുകൂല്യങ്ങളും അവധികളും അവകാശമാണെന്ന് പറയുന്ന ഉദ്യോഗസ്ഥരും രാജ്യതാത്പര്യങ്ങളിൽ എവിടെനിൽക്കുന്നുവെന്നു ചിന്തിക്കണം.
സ്വകാര്യമേഖലയിൽ വിമാനം പറത്തുന്പോൾ ലാഭവും രാജ്യത്തിന്റെ വിമാനം പറത്തുന്പോൾ നഷ്ടവും വരുന്നതിലെ ബിസിനസ് എന്താണ്? ഏതു പ്രസ്ഥാനവും സ്വകാര്യവത്കരിക്കപ്പെടുന്പോൾ കാര്യക്ഷമമാകുന്നെങ്കിൽ അതിനർഥം നമ്മുടെ രാജ്യസ്നേഹം പ്രഹസനമാണെന്നാണ്. ജോലി ലഭിക്കുകയാണെങ്കിൽ പൊതുമേഖലയിലാകണം, തൊഴിലെടുക്കണമെങ്കിലോ സ്വകാര്യമേഖലയിലുമാകണം. ഈ കാഴ്ചപ്പാട് മാറി നാമെല്ലാം രാജ്യത്തിന്റെ പൊതുതാത്പര്യത്തിൽ ആകൃഷ്ടരാകണം.
പ്രവർത്തനങ്ങളുടെ ആത്യന്തികലക്ഷ്യം രാജ്യപുരോഗതിയാകണം. പൂട്ടിപ്പോകുന്നതും വിൽക്കപ്പെടുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങൾ ഇവിടത്തെ പൗരബോധത്തിന്റെ ശോചനീയാവസ്ഥയെ സൂചിപ്പിക്കുന്നു. എല്ലാം പണക്കാർക്കു തീറെഴുതിയിട്ട് പാവപ്പെട്ടവന്റെ അരിപ്പെട്ടിയിൽ റെഗുലേറ്റർ വയ്ക്കുന്ന സൂക്ഷ്മത വിചിത്രമാണ്. സകല നിയമങ്ങളും പാവപ്പെട്ടവന് കുരുക്കാകുന്പോഴും സന്പന്നന്റെ സ്വർണപ്പെട്ടിക്ക് റെഗുലേറ്റർ ഇല്ലെന്നുള്ളത് പാവം ജനത്തെ അദ്ഭുതപ്പെടുത്തുന്നു. കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ദരിദ്രന്റെ കഞ്ഞിയിൽ പാറ്റയിടുകയും ചെയ്യുന്ന രാഷ്ട്രീയം എന്നു മാറും.
പൊതുമേഖലയുടെ സുരക്ഷയും സാന്പത്തിക ഭദ്രതയും രാജ്യതാത്പര്യങ്ങളെ ശക്തിപ്പെടുത്തും. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തും. എല്ലാം വിറ്റ് കശാക്കി കൈയും കെട്ടി ഖജനാവിനു മുന്പിൽ ഉമിനീരിറക്കി ഇരിക്കാനാണോ ഭരണം? ദരിദ്രനാരായണന്മാർ എന്നാണ് പരിഗണനാപാത്രമാകുന്നത്?
ടോം ജോസ് തഴുവംകുന്ന്