ഓക്സിജൻ ബാറുകൾ
Friday, November 29, 2019 1:28 AM IST
അന്തരീക്ഷ മലിനീകരണമൂലം ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നത് ഒരു പത്രവാർത്ത എന്നതിലുപരി വരാൻ പോകുന്ന ഒരു വൻ വിപത്തിന്റെ നാന്ദിയാണ്. കാൽ മണിക്കൂർ ഓക്സിജൻ ശ്വസിക്കാൻ 299 രൂപയാണ് ചാർജ്.
ആര്യവീർ എന്ന വ്യക്തി ഈ മെയ് മാസത്തിൽ തുടങ്ങിയതാണ്, ഓക്സിജൻ ബാറുകൾ. തുടക്കത്തിൽ ഇതു സൗജന്യമായി ലഭിക്കുമായിരുന്നു. ഇപ്പോൾ ഇത്, വാനില, യൂക്കാലി, ലാവെൻഡർ തുടങ്ങിയ ഏഴു ഗന്ധങ്ങളിൽ ലഭിക്കും. ഗന്ധങ്ങളുടെ തരമനുസരിച്ചു, നിരക്കു 499രൂപ വരെയാകാം! സമീപ കാലങ്ങളിൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഓക്സിജൻ ബാറുകൾ തുറക്കുമെന്നതിൽ ഒട്ടും സംശയമില്ല.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ, ധാന്യക്കതിരുകളുടെ അവശിഷ്ടങ്ങൾ കൂട്ടമായി കത്തിക്കുന്നത് കൊണ്ടാണ് അന്തരീക്ഷ മലിനീകരണമുണ്ടാകുന്നതെന്നു പറഞ്ഞു സമീപ സംസ്ഥാനങ്ങളായ ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇവ കത്തിക്കുന്നത് നിയമം മൂലം നിരോധിക്കുകയുണ്ടായി !
വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും ഉയരുന്ന പൊടിയും പുകയും കാലാവസ്ഥ വ്യതിയാനവും ശുദ്ധവായുവിന്റെ ലഭ്യത അനുദിനം കുറച്ചുകൊണ്ടുവരികയാണ്. ശ്വസിക്കുന്ന വായുവിനും പണം നൽകേണ്ടിവരുന്ന അതിഭീകരമായ അവസ്ഥയെപ്പറ്റി സമൂഹവും സർക്കാരും ഉദാസീനത കൈവെടിഞ്ഞു കാര്യമായി ചിന്തിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കണം.
ഡോ. പോൾ വാഴപ്പിള്ളി, നിവിൽ ഹോസ്പിറ്റൽ, ശ്രീകണ്ഠപുരം, കണ്ണൂർ