ചില മസ്റ്ററിംഗ് ചിന്തകൾ
Tuesday, December 10, 2019 10:57 PM IST
ഡിസംബർ എന്ന മഞ്ഞുമാസം പെൻഷൻകാരെ സംബന്ധിച്ചിടത്തോളം മസ്റ്ററിംഗ് മാസം ആണ്. അതായത് ജീവിച്ചിരിക്കുന്നുവെന്ന് അവരവർ തന്നെ സാക്ഷ്യപ്പെടുത്താനുള്ള മാസം. എങ്കിൽ മാത്രമേ തുടർന്നു പെൻഷൻ ലഭിക്കുകയുള്ളു. ഇത് എല്ലാ വർഷവും നടത്തേണ്ട ഒരു പ്രക്രിയയാണുതാനും!
ഇതിനായി വയോജനങ്ങളായ പെൻഷൻകാർ അനുഭവിക്കുന്ന പ്രയാസങ്ങൾ അധികൃതർ അറിഞ്ഞിട്ടില്ല എന്നു പറയാതെ വയ്യ. പ്രത്യേകിച്ച് ഗസറ്റഡ് ഓഫീസർമാരിൽനിന്നു വാങ്ങുന്ന ലൈഫ് സർട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള പ്രയാസം. ഇതിനു പുറമെയാണ് അക്ഷയ കേന്ദ്രത്തിലെ നീണ്ട ക്യൂ. ലൈഫ് സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസിലെ ഗസറ്റഡ് ഓഫീസർമാരെ തേടി നടക്കുന്പോൾ പലപ്പോഴും അവർ ഓഫീസുകളിലില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടു പലതവണ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്.
എയ്ഡഡ് സ്കൂളുകളിലെ പ്രഥമ അധ്യാപകർക്കു കൂടി ഗസറ്റഡ് പദവി കൊടുത്താൽ അവരിൽനിന്നു ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങാൻ പെൻഷൻകാരായ വയോധികർക്ക് എളുപ്പമാകും. സർക്കാർ സ്കൂളുകളെക്കാൾ കൂടുതലായി എയ്ഡഡ് സ്കൂളുകൾ ഉണ്ടെന്നുള്ളതും പ്രഥമാധ്യാപകർ വിദ്യാലയങ്ങളിൽ ഉണ്ടാകുമെന്നുള്ളതും ഒരു വസ്തുതയാണ്.
എ.വി. ജോർജ്, തിരുവല്ല