കാർഷിക വരുമാനവും വർധിക്കണം
Tuesday, December 10, 2019 10:58 PM IST
ചെറുകിട കൃഷിക്കാരുടെയും സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും നാടാണു കേരളം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും. അവരുടെ ജീവിത ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കണം.
തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ടവരുടെയും വോട്ട് വാങ്ങി അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെയുള്ളത്. അതുകൊണ്ട് അവർക്ക് ന്യായമായ സഹായങ്ങൾ കൊടുത്തേ പറ്റൂ. ഇന്നു കർഷക പെൻഷൻ, വിധവാ പെൻഷൻ, വയോജന പെൻഷൻ തുടങ്ങിയുള്ള സാമൂഹിക പെൻഷനുകളൊന്നും കൃത്യമായി കൊടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല. പിച്ചച്ചട്ടിയിൽ കൊടുക്കുന്ന ധർമം പോലെയാണ് മേൽപറഞ്ഞ പെൻഷനുകൾ. കർഷകപെൻഷൻ 1200 രൂപയാണ്. മാസങ്ങളായി കുടിശികയായി കിടക്കുന്നു. അതുപോലെതന്നെ മറ്റുള്ള പെൻഷനുകളുടെ സ്ഥിതിയും. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളവും പെൻഷനും എല്ലാ മാസവും 30ാം തീയതി ട്രഷറിയിൽ നിന്നു കിട്ടുന്നു. മേൽപ്പറഞ്ഞ പെൻഷനുകൾ കൊടുത്തുതീർക്കാനും ഈ ശുഷ്കാന്തി ഉണ്ടാവണം.
ചെറുകിട നെൽക്കൃഷിക്കാരുടെ കാര്യം എടുക്കാം. കേരളത്തിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന നെൽ കർഷകർക്ക് എന്നും കണ്ണീർതന്നെ ആശ്രയം. ഈ വർഷം വെള്ളപ്പൊക്കവും മഴയും നിമിത്തം പലർക്കും ഉണ്ടായ നെല്ലു മുഴുവൻ നശിച്ചുപോയി. അവർക്കുവേണ്ടി സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ല.
ഒരുവർഷം സിവിൽ സപ്ലൈസ് മുഖേന സർക്കാർ എടുക്കുന്ന നെല്ലിന്റെ വിലയായി കൊടുക്കുന്നത് ഏകദേശം 400 കോടി രൂപയാണ്. ഈ 400 കോടി രൂപയുടെ സ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നതു പോലെ ഇവർക്കും 35 ശതമാനം (35 ശതമാനം എന്നത് ഏകദേശകണക്കാണ്) അധികം തുക നല്കിയാൽ 140 കോടി രൂപയുടെ അധികച്ചെലവേ സർക്കാരിനുണ്ടാകൂ.
ഒരു ക്വിന്റൽ നെല്ലിന് ഇപ്പോഴുള്ള 2590 രൂപയ്ക്ക് പകരം 35 ശതമാനം ആയ 906 രൂപയും കൂടി കൂട്ടി 3496 രൂപയ്ക്ക് കൃഷിക്കാരിൽനിന്ന് നെല്ല് എടുക്കണം. 1968ൽ സർക്കാർ നിയോഗിച്ച സി. തോമസ് കമ്മീഷൻ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ജീവിതച്ചെലവ് എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
ഓരോ അഞ്ചു വർഷം കൂടുന്പോൾ ഒരു നെൽകർഷക കമ്മീഷനെക്കൂടി സർക്കാർ നിയമിക്കണം. അതുപോലെ വരുമാന വർധന എല്ലാ മേഖലകളിലും ഉണ്ടാകട്ടെ. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഫ്യൂഡലിസം നിലനിന്നിരുന്നു. കൃഷിഭൂമി രാജാവിന്റേതും ആദായം പ്രഭുക്കന്മാരുടെയും ഇടനിലക്കാരുടെയും ആയിരുന്നു. സാധാരണ കൃഷിക്കാർക്ക് ഒരു ആദായവും ഉണ്ടായിരുന്നില്ല. അതിനു സമാനമായി ഉദ്യോഗസ്ഥ മേധാവിത്വത്തിന് കീഴ്പ്പെട്ട് ജീവിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.
സർക്കാർ സാധാരണക്കാരുടെയും പാവങ്ങളുടെയും ചെറുകിട കൃഷിക്കാരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കാണണം. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ആകെ അടങ്കൽ 10,000 കോടി രൂപയായിരുന്നു. അതിൽ 7000 കോടി രൂപയും കാർഷിക മേഖലയ്ക്കുവേണ്ടി ചെലവ് ചെയ്തു. എന്നാൽ, ഇന്ന് കൃഷിക്കാരെ മൂന്നാം പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. കൃഷിക്കാരുടെ വരുമാനം വർധിച്ചുകിട്ടുന്ന നടപടികൾ ഉണ്ടാവണം.
തോമസ് തെക്കേക്കര, കുട്ടനാട്