പറച്ചിലുകൊണ്ടു കാര്യമില്ല, കാർഷിക മേഖലയിൽ
Saturday, December 14, 2019 12:19 AM IST
സെമിനാർ ഹാളുകളിലെ വലിയ വർത്തമാനങ്ങൾകൊണ്ടു കാർഷിക മേഖല രക്ഷപ്പെടുകില്ലന്നത് വീണ്ടും നമ്മൾ മറക്കുന്നു. വലിയ വാഗ്ദാനങ്ങൾ പണിയെടുത്തും പണംമുടക്കിയും വലഞ്ഞ കർഷകനെ നോക്കി കൊഞ്ഞനം കുത്തുന്നു.
വെള്ളപ്പൊക്കത്തെത്തുടർന്ന് ഏറെ നഷ്ടം സംഭവിച്ചവർ, അവശേഷിച്ച നെല്ലുവില വായ്പയായി ലഭിക്കുമെന്നു കരുതി അടുത്ത കൃഷിക്ക് ഒരുക്കത്തിനു ബാങ്കുകളെ സമീപിച്ച കർഷകനു മുൻപിൽ കൈമലർത്തുകയാണു ബാങ്കുകൾ.
കഴിഞ്ഞ തവണ നൽകിയ സംഭരണവില ഇതുവരെ സർക്കാർ നൽകാതിരിക്കുന്പോൾ ബാങ്കുകളെ കുറ്റം പറയുക വയ്യ. കർഷകന്റെ ആത്മാഭിമാനങ്ങൾക്ക് ഇവിടെന്തു വില. അവന്റെ വിയർപ്പും സാഹസികതയുമാണു ജനങ്ങളുടെ നിലനിൽപ്പിനു കാരണമെന്നൊരു വിചാരം എന്നിനി നമ്മുടെ ഭരണകൂടങ്ങൾക്കുണ്ടാകും? പ്രഥമ പരിഗണനയ്ക്ക് അർഹരാണു കർഷകർ എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. വൈകിയാൽ ഈ മേഖല സർവനാശത്തിലേക്ക് കൂപ്പുകുത്തുക തന്നെ ചെയ്യും.
പ്രദീപ് കൂട്ടാല, ആലപ്പുഴ