തീപിടിത്തങ്ങൾ തടയണം
Wednesday, February 19, 2020 11:26 PM IST
കഴിഞ്ഞ വർഷം ആമസോണിലും ഓസ്ട്രേലിയയിലും ഉണ്ടായ തീപിടിത്തങ്ങളിൽ 95 ശതമാനവും മനുഷ്യർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നു പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അഞ്ചു ശതമാനം തീപിടിത്തം മാത്രമേ മരങ്ങളുടെ ഉരസൽ, മിന്നൽ എന്നീ കാരണത്താൽ ഉണ്ടാകുന്നുള്ളൂ. കേരളത്തിൽ കഴിഞ്ഞ വർഷം 2500 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആനമുടി ഉൾപ്പെടെയുള്ള പുൽമേടുകൾ കത്തിയാൽ കേരളം തമിഴ്നാട് പോലെയാകുമെന്ന പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണം ആശങ്കയുളവാക്കുന്നതാണ്. തീപിടിത്തമുണ്ടാവുകയാണെങ്കിൽ അത് കേരളത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിപ്പിക്കുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുമെന്നതു തീർച്ചയാണ്. അതുകൊണ്ടു തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ മനുഷ്യരുടെ ഇടപെടലുകൾ ഒഴിവാക്കാൻ വനം വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
സംസ്ഥാനത്തെ വന്യജീവി വനം വകുപ്പിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് അഥവാ ഏർളി വാച്ച് സ്കീം എന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നത് പ്രതീക്ഷ നൽകുന്നതാണ്.
വി.എം. സിനാൻ, വെള്ളിയാന്പുറം