ഭ്രൂണഹത്യ എന്ന കൊടുംപാതകം
Wednesday, February 19, 2020 11:27 PM IST
ഭ്രൂണഹത്യാ നിയമത്തിൽ ഗർഭഛിദ്രം നടത്താൻ അനുമതിയുള്ള സമയപരിധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയായി വർധിപ്പിച്ചിരിക്കുകയാണ്. ഗർഭത്തിലെ ആറുമാസം തികഞ്ഞ കുഞ്ഞിനെവരെ കൊന്നുകളയാമെന്നുള്ള നിയമഭേദഗതി തികച്ചും മനുഷ്യത്വമില്ലായ്മയും മനുഷ്യമക്കളോടുള്ള കൊടുംക്രൂരതയുമാണ്. ദൈവികനിയമങ്ങൾക്കു ചുവടുപിടിച്ചുള്ള നിയമനിർമാണങ്ങൾക്കു മാത്രമേ രാജ്യത്തു സുസ്ഥിരതയും ക്രമസമാധാനവും കൊണ്ടുവരാനാവൂ.
രാഷ്ട്രത്തിന്റെ അടിസ്ഥാനഘടനയും അടിത്തറയും കുടുംബവും കുഞ്ഞുങ്ങളുമാണെന്ന സത്യം തൃണവൽഗണിച്ചുകൊണ്ട് വികസനത്തിന് അത്യന്താപേക്ഷിത ഘടകം ജനസംഖ്യാ നിയന്ത്രണമാണെന്നുള്ള ചിന്താഗതി വളരുന്നത് അപലപനീയമാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നാവശ്യപ്പെട്ടു രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ വേദനയുളവാക്കുന്നു. നമ്മുടെ കൊച്ചുമക്കളാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ എന്നതു മറക്കരുതേ. ദന്പതികൾക്കു തങ്ങളുടെ തീരുമാനപ്രകാരം ധാരാളം മക്കൾക്കു ജന്മം കൊടുക്കാനും വളർത്തി വലുതാക്കാനും സാധിക്കട്ടെ.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ, നമുക്ക് നമ്മുടെ മക്കളെക്കുറിച്ച് നല്ല സ്വപ്നങ്ങൾ നെയ്തെടുക്കാം. അവർ രാജ്യസ്നേഹികളും രാഷ്ട്രനിർമാതാക്കളുമായി വളർന്നുവരാൻ അനുവദിക്കാം.
അനേകം ദന്പതിമാർ വിവാഹം കഴിഞ്ഞ് അനേക വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ സാധിക്കാതെ വിഷമിക്കുന്നുണ്ട്. ആശുപത്രികൾ മാറിമാറി കയറിയിറങ്ങുകയും ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്കായി ചെലവഴിക്കുകയും പ്രാർഥനയും പരിത്യാഗവുമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടും ഫലമില്ലാതെ കണ്ണീരോടെ ജീവിതം വലിച്ചിഴയ്ക്കുന്നവർ നിരവധി. ഒരു കുഞ്ഞിനെ ലഭിക്കുന്പോഴുണ്ടാകുന്ന ആനന്ദവും ആഹ്ലാദവും പറഞ്ഞറിയിരിക്കാനാവാത്തതാണ്.
ജീവന്റെ ദാതാവ് ദൈവമാകയാൽ മനുഷ്യജീവനിലുള്ള കടന്നുകയറ്റം ദൈവിക നിയമത്തിന്റെ ലംഘനം കൂടിയാണ്. ആകയാൽ ഭ്രൂണഹത്യ നിയമഭേദഗതിയിൽ ഉടൻ പുനർവിചിന്തനം വേണം. സനാതനമൂല്യങ്ങളിൽ നാം മുറുകെപ്പിടിക്കണം.
സിസ്റ്റർ നസ്റിയ അരീക്കാട്ട് സിഎസ്എസ്, മണ്ണുത്തി