പഠനാർഹമായ മുഖപ്രസംഗം
Thursday, May 14, 2020 11:33 PM IST
ഒന്നര മാസമായി കേരളത്തിൽ മദ്യനിരോധനമായിരുന്നു. കോവിഡ്19 നിയന്ത്രിക്കാൻ ഒരു പരിധിവരെ ഇതു സഹായകരമായിരുന്നു. കേരള ജനത സർക്കാർ തീരുമാനത്തെ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപിക എഴുതിയ മുഖപ്രസംഗം പഠനാർഹമാണ്.
എന്നാൽ, ഇപ്പോൾ സർക്കാർ തലപുകഞ്ഞ് ആലോചിക്കുന്നത് മദ്യനിരോധനം പിൻവലിക്കുന്നതിനെക്കുറിച്ചാണ്. ഒരു മന്ത്രി പറഞ്ഞത് പലർക്കും മദ്യം കിട്ടായ്കമൂലം ഉറക്കം വരുന്നില്ലന്നും ഭ്രാന്തായി മാറുന്നെന്നുമാണ്.
ജനങ്ങളുടെ ശ്രദ്ധയിൽ വന്നതു താഴെപ്പറയുന്ന കാര്യങ്ങളാണ്.
1. നാട്ടിൽ പൊതുവേ സമാധാന അന്തരീക്ഷം നിലവിൽ വന്നു. സംഘട്ടനങ്ങൾ, വഴക്കുകൾ എന്നിവ കുറഞ്ഞു. കുടുംബങ്ങളിലെ ഉൾവഴക്കുകൾ , കുടുംബങ്ങൾ തമ്മിലുളള സംഘട്ടനങ്ങൾ എന്നിവയിൽ ഗുണകരമായ മാറ്റം ഉണ്ടായി.
2. കലുഷിതമായ ഭവനങ്ങൾ ശാന്തിയുടേയും സമാധാനത്തിൻറയും കേന്ദ്രങ്ങളായി മാറി. മാതാപിതാക്കളും മക്കളുമായി ഒരുമിച്ച് ചിരിച്ചുല്ലസിക്കുന്ന അന്തരീക്ഷം സംജാതമായി.
3. മദ്യത്തിനു വേണ്ടിവരുന്ന തുക മിച്ചമായി മാറി. കുറഞ്ഞത് 100 രൂപ മുതൽ 500 രൂപ വരെ വരുമിത്.
4. വ്യക്തിപരമായ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവായി. ചെലവാക്കേണ്ട പണവും സമയവും മിച്ചമായി.
5. റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞു.
6. മദ്യപാനം എന്ന ദുശ്ശീലം കാണാനും അനുഭവിക്കാനും ഇളംതലമുറയ്ക്ക് സാഹചര്യമില്ലാതായി.
ബേബി പാറക്കാടൻ, ചെയർമാൻ, ഗാന്ധിയൻ , ദർശന വേദി, പുന്നപ്ര