അപമാനിക്കപ്പെടുന്ന മൃതദേഹങ്ങൾ!
Thursday, May 14, 2020 11:34 PM IST
ഭരണഘടനയുടെ ആർട്ടിക്കിൾ 21 വ്യക്തികളുടെ ജീവനും സ്വാതന്ത്ര്യത്തിനും പരിപൂർണ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് എങ്ങനെയെങ്കിലും ജീവിച്ചുപോകാനുള്ള അവകാശമല്ല; അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്. വിശാല അർഥത്തിൽ ഈ അനുച്ഛേദം വിഭാവനം ചെയ്യുന്ന സംരക്ഷണം മൃതദേഹങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ഇന്ത്യയിലെ പരമോന്നത കോടതി ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്.
സംസ്കാരസമ്പന്നമായ ഏതൊരു ജനതയും അത്യധികം ആദരവോടെയാണു മൃതദേഹത്തെ സമീപിക്കുന്നത്. ഇത് അന്നുവരെ തങ്ങളോടൊപ്പം ജീവിച്ചിരുന്ന വ്യക്തിയോടു പ്രകടിപ്പിക്കുന്ന ആദരവിനു തുല്യമാണ്. യുദ്ധത്തിൽ വീരമൃത്യു വരിക്കുന്ന സൈനികരുടെ മൃതശരീരത്തോടു പുലർത്തേണ്ട മനോഭാവം എന്താകണമെന്നു ജനീവ കൺവൻഷൻ ആർട്ടിക്കിൾ 16 ൽ നിഷ്കർഷിക്കുന്നുണ്ട്. ലോകരാജ്യങ്ങൾ മൃതദേഹത്തിനു നൽകുന്ന ആദരവിന്റെ പ്രതിഫലനമാണ് ജനീവയിലെ പ്രഖ്യാപനം.
അന്തർദേശീയ തലത്തിൽ കരുതലോടെ മാനിക്കപ്പെടുന്ന നിയമം ഇന്ത്യയിൽ മാത്രം അപ്രസക്തമാക്കാൻ സാധിക്കില്ല. അസ്വാഭാവികമായി മരണപ്പെടുന്നവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്തു മോശമായ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഈ അടുത്ത കാലത്തായി കണ്ടുവരുന്ന അപലപനീയമായ ഒരു പ്രവണതയാണ്. മൃതശരീരങ്ങളിലെ നഗ്നത പ്രചരിപ്പിക്കുന്നവരും അവയിൽ അശ്ലീലച്ചുവയുള്ള കമന്റുകൾ ഇടുന്നവരും ഇന്നു നമുക്കിടയിൽ വിരളമല്ല. ഇത്തരം ചിത്രങ്ങളോടൊപ്പം സ്വന്തം അനുമാനങ്ങളും ചേർത്തു ബ്രേക്കിംഗ് ന്യൂസുകൾ കൊടുത്തു വിപണനതന്ത്രം പയറ്റുന്ന ഓൺലൈൻ മാധ്യമങ്ങളും പെരുകിവരുന്നു.
ജീവിച്ചിരിക്കുമ്പോൾ എന്ന പോലെ തന്നെ ഒരു മനുഷ്യന്റെ മരണത്തിലും സാമൂഹ്യ മാന്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അസ്വാഭാവിക മരണങ്ങളിൽ സ്റ്റേറ്റ് ആണ് നിയമപരമായ ചുമതല നിർവഹിച്ചു മൃതദേഹം ബന്ധുജനങ്ങൾക്കു വിട്ടുകൊടുക്കുന്നത്. അതുവരെ മൃതദേഹത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. മൃതദേഹത്തോടു ചെയ്യുന്ന അപമര്യാദയും ഉപദ്രവവും കുറ്റകൃത്യം തന്നെയാണ്. ഇത്തരം കുറ്റകൃത്യം ഇല്ലാതാക്കേണ്ട ചുമതല പരിപൂർണമായും സ്റ്റേറ്റിന് ആണ് താനും.
തിരുവല്ലയിലെ ഒരു കോൺവന്റിലെ കിണറിൽ ഒരു സന്യാസാർഥിനിയെ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്നാണ് മൃതശരീരം കിണറ്റിൽനിന്നു പുറത്തെടുത്തത്. ഉയർത്തിയെടുക്കുന്നതിനിടയിൽ ഉടുത്തിരുന്ന സാരി ശരീരത്തിൽനിന്നു തെന്നിമാറി കിടന്നിരുന്നു. ചിലർ ആ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസുകാരും ഫയർഫോഴ്സുകാരും അടക്കമുള്ളവർ സാക്ഷ്യംവഹിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അതിനിടയിൽ ഈ വിഡിയോ ദൃശ്യം പകർത്തുകയും അപമാനകരമായ അടിക്കുറിപ്പുകളോടെ അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഈ വീഡിയോ ഷെയർ ചെയ്ത ചിലർ അപമാനകരമായ അടിക്കുറിപ്പുകൾ ചേർത്ത് ആ വ്യക്തിയെയും കുടുംബത്തെയും അപമാനിച്ചു. ഇത് അങ്ങേയറ്റം വ്യക്തിഹത്യയും സ്ത്രീത്വത്തിന് എതിരെയുള്ള കടന്നാക്രമണവുമാണ്. സ്ത്രീത്വത്തിന് എതിരെയുള്ള കടന്നുകയറ്റങ്ങളിൽനിന്നുള്ള സംരക്ഷണം ജീവിച്ചിരിക്കുമ്പോൾ മാത്രം നൽകപ്പെടേണ്ടതല്ല.
മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ചിത്രീകരിച്ചത് ആരാണ്? ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി ചിത്രീകരിച്ച വീഡിയോ ആണെങ്കിൽ അതു പുറത്തു വിട്ടത് ആരാണ്? മാറിക്കിടന്ന വസ്ത്രം കണ്ട് ലൈംഗിക പീഡനം ആരോപിച്ചു വ്യക്തിഹത്യ നടത്തിയവർക്കെതിരേ ക്രിമിനൽ കേസ് എടുക്കേണ്ടതല്ലേ? മൃതദേഹങ്ങളുടെ നഗ്നത പ്രദർശനവും അതിനെ ചൊല്ലിയുള്ള ചർച്ച ആഘോഷങ്ങളും നിരോധിക്കപ്പെടേണ്ടതാണ്. നീതിപീഠങ്ങളുടെ കണ്ണുകൾ ഇത്തരം അതീവ ഗൗരവതരമായ നീതിനിഷേധങ്ങളിലേക്ക് അടിയന്തരമായി എത്തിച്ചേരണണം.
ഡോ. നെൽസൺ തോമസ്