പഴയ ശീലങ്ങൾ, പുതിയ നിർദേശങ്ങൾ
Tuesday, May 19, 2020 11:27 PM IST
പണ്ടൊക്കെ പുറത്തുനിന്നു വരുന്നവർ കൈകാലുകളും മുഖവും വൃത്തിയായി കഴുകിയതിനുശേഷം മാത്രമേ വീടിനുള്ളിൽ കയറിയിരുന്നുള്ളു. അതിനായി വീടിന്റെ മുറ്റത്ത് ഒരു പാത്രത്തിൽ (കിണ്ടി) വെള്ളം വയ്ക്കുമായിരുന്നു. കൊറോണഭീതിയിൽ സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങളിലൊന്നായ കൈ കഴുകലാണ് ഇത് ഓർമയിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ എല്ലാ ഗ്രാമപ്രദേശങ്ങളിലുമുള്ള വീടുകളുടെ പുറത്ത് ഒരു ശൗചാലയമുണ്ടായിരുന്നു. വീടിനു പുറത്തു പോയവർ തിരിച്ചുവരുന്പോൾ ശരീരത്തിലെ അഴുക്കും അശുദ്ധിയും കഴുകിക്കളയുന്നതിനായിരുന്നു അത്. പണ്ടൊക്കെ ചെരുപ്പുകളും മറ്റും വീടിനു പുറത്തുവച്ചതിനുശേഷമേ വീടിനുള്ളിൽ കയറാറുള്ളു. ചെരുപ്പിലുള്ള അഴുക്കും അണുക്കളും വീടിനുള്ളിൽ കടക്കാതിരിക്കാനുള്ള ശീലം. തോളിൽ തോർത്തുമുണ്ട് ഇടുന്നത് പഴയ കാലത്തെ ശീലങ്ങളിൽ ഒന്നായിരുന്നു. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും മൂക്കും വായയും മൂടി പകർച്ച വ്യാധി പകരുന്നത് തടയാൻ ഉപകരിക്കുമായിരുന്നു. ഇന്നു തോർത്തിനു പകരം റെഡിമെയ്ഡ് മുഖാവരണം നമ്മൾ ഉപയോഗിക്കുന്നു. പണ്ടൊക്കെ മിക്ക വീടുകളോട് അനുബന്ധിച്ചും ഒരു കുളം ഉണ്ടായിരുന്നു. ഇരുപത് അടിവീതം നീളവും വീതിയുമുള്ള ഈ കുളങ്ങളിൽ ശേഖരിക്കുന്ന വെള്ളം വേനൽക്കാലത്തും കിണർജലം വറ്റാതിരിക്കാൻ കാരണമാകുമായിരുന്നു.
വീടുകളിൽ നാടൻ കോഴി, ആട്, പശു തുടങ്ങിയവ വളർത്തുന്ന ശീലംമൂലം മാംസവും പാലും മുട്ടയുമെല്ലാം ആവശ്യത്തിനു ലഭിക്കുമായിരുന്നു. കൂടാതെ വരുമാന മാർഗവും ആരോഗ്യ സംരക്ഷണ മാർഗവുമായിരുന്നു. ചാണകവും ഗോമൂത്രവും തൊഴുത്തിനരികിൽ സംഭരിക്കുക വഴി കുന്പളങ്ങയും മത്തങ്ങയും ധാരാളം കിട്ടിയിരുന്നു.
പ്രകൃതിക്കനുകൂലമായ പഴമയിലേക്കു തിരിച്ചുകൊണ്ടുവരാൻ മനുഷ്യനെ സജ്ജരാക്കാനാണെന്നു തോന്നുന്നു കൊറോണ എന്ന ഈ മഹാമാരിയുടെ വരവ്. ലോക്ക്ഡൗൺ മൂലം വീട്ടിലിരുന്നപ്പോൾ പലരും പറന്പിലുള്ളത് ഭക്ഷണത്തിന് ഉപയോഗിച്ചുതുടങ്ങി. ചെറിയ സ്ഥലങ്ങളിൽപോലും കൃഷിയിറക്കാൻ തുടങ്ങി. മനുഷ്യർ വീടിനുള്ളിൽ അകപ്പെട്ടപ്പോൾ പക്ഷികളും ചിത്രശലഭങ്ങളും മറ്റും സ്വാതന്ത്ര്യം ആഘോഷിക്കുന്നു.
മുപ്പത്, നാല്പതു വർഷങ്ങൾക്കുമുന്പുള്ള അന്നത്തെ നമ്മുടെ ശീലങ്ങൾ ഓർമ വരുന്നു. അന്നു വീടുകളിൽ നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യാൻ നമ്മുടെ പൂർവികർ ശ്രദ്ധ ചെലുത്തിയിരുന്നു. വലിയ പറന്പും ചെറിയ ഒരു വീടുമാണ് അന്ന് ഉണ്ടായിരുന്നത്. വീടിനു സമീപം പച്ചക്കറികൾ തഴച്ചുവളർന്നു. ഇന്നു വീടിനുമുന്നിൽ വിലയേറിയ പൂച്ചെടികൾ നട്ട് ആഹ്ലാദം കണ്ടെത്തുന്നു.
ലോക്ക്ഡൗൺ ഒരു പാഠമാണു മലയാളികൾക്ക്. നമ്മുടെ പറന്പിൽനിന്നു ലഭിക്കുന്ന ചീര, ചേന്പ്, ചേന, ചക്ക, ഇലക്കറികൾ എന്നിവ ഭക്ഷിക്കാൻ നാം ശീലിച്ചു. ജങ്ക് ഫുഡ് കിട്ടാതായപ്പോൾ പലരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. മലിനീകരണം കുറഞ്ഞതോടെ ശുദ്ധവായുവും ലഭിക്കുന്നു. പ്രകൃതിയിലേക്കും പുരാതന കൃഷി രീതികളിലേക്കും മടങ്ങിപ്പോകാനുള്ള വലിയൊരു അവസരമാണിത്.
ഡോ. പി.ആർ ഹരിദാസ്, കാരിത്താസ് ഇന്ത്യ, ന്യൂഡൽഹി