കാട്ടുനിയമങ്ങൾ മാറ്റിയെഴുതണം
Saturday, June 20, 2020 11:28 PM IST
വനാതിർത്തിയുടെ അടുത്ത് സ്ഥിരതാമസക്കാരനായ ഒരു ചെറുകിട കർഷകനാണ് ഞാൻ. 100 വർഷത്തിലധികമായി എന്റെ പൂർവികരും ഇവിടെത്തന്നെ ജനിച്ചുജീവിച്ച് മണ്മറിഞ്ഞവരാണ്. ഏതാനും വർഷങ്ങളായി ഞാൻ കൃഷി ചെയ്യുന്ന വാഴ, കപ്പ, ചേന, ചേന്പ്, കാച്ചിൽ മുതലായ കൃഷികൾ കാട്ടുപന്നികൾ പതിവായി നശിപ്പിക്കുകയാണ്. തേങ്ങ, അടയ്ക്ക തുടങ്ങിയവ കുരങ്ങുകൾ നശിപ്പിക്കുന്നു. എന്നെപ്പോലുള്ള നിരവധി കർഷകർക്കും ഈ അവസ്ഥയാണുള്ളത്.
ഞങ്ങളുടെ രോദനം കേൾക്കാൻ നാളിതുവരെയും ഏതെങ്കിലും സർക്കാരുകളോ ജനപ്രതിനിധികളോ മനസുവച്ചിട്ടില്ല. കാട്ടു മൃഗങ്ങൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ ദന്തഗോപുരങ്ങളിലിരിക്കുന്ന ധാരാളം പേരുണ്ട്. ഈ സാഹചര്യത്തിൽ "കലപ്പയുടെ വേദം' എന്ന ശീർഷകത്തിൽ ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം കർഷകർക്ക് അറിവും ആശ്വാസവും നൽകുന്ന ഒന്നായി. ഭരണചക്രം തിരിക്കുന്ന സർക്കാരും ജനപ്രതിനിധികളും കാട്ടുനിയമങ്ങൾ തിരുത്തി ജനങ്ങൾക്കു പ്രാമുഖ്യം നൽകുന്ന നിയമങ്ങൾ നിർമ്മിക്കാൻ ഇനിയെങ്കിലും തയാറാകണം.
മലയാളത്തിലെ ആദ്യദിനപത്രമായ ദീപിക എക്കാലവും കർഷകരുടെ ജിഹ്വയായി നിന്നിട്ടുണ്ട്. കർഷക പക്ഷത്തു നിന്നുകൊണ്ട് ഇതുപോലുള്ള ധാരാളം ലേഖനങ്ങൾ ഇനിയും ദീപികയിൽ നിന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അനിൽ മാത്യു കല്ലട, ചാത്തമറ്റം, പോത്താനിക്കാട്