പടക്കം കടിച്ച് ചരിഞ്ഞ പിടിയാനയും തെരുവുനായയുടെ കടിയേറ്റു മരിച്ച വയോധികയും
Monday, June 22, 2020 12:07 AM IST
അടുത്തകാലത്ത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനമേഖലയോടടുത്തു കൃഷിസ്ഥലത്ത് ആരോ വച്ച ഭക്ഷണത്തിൽ പൊതിഞ്ഞ പടക്കം കടിച്ച് പിടിയാന ചരിഞ്ഞു. പിടിയാന ഗർഭിണിയായിരുന്നു എന്നറിഞ്ഞതോടെ കേരളജനത ഒന്നാകെ ദുഃഖിതരായി.
ഈ വാർത്ത അറിഞ്ഞ ഒരു കേന്ദ്രമന്ത്രിയും മുൻമന്ത്രി മേനകാ ഗാന്ധിയും പ്രതികരിച്ചത് മലപ്പുറം ജില്ലയിലെ ഒരു സമുദായത്തിൽപ്പെട്ട ആളുകൾ ഇതിനു മുമ്പും ഇതുപോലുള്ള ക്രൂരത ചെയ്തിട്ടുള്ള കഠിനഹൃദയരാണ് എന്നായിരുന്നു. ഈ സ്നേഹപ്രകടനത്തിന്റെ ലക്ഷ്യം മൃഗസ്നേഹമല്ല, മറിച്ച് വർഗീയവിഷം ചീറ്റി ജനങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നുള്ളതായിരുന്നു എന്ന വസ്തുത പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിഞ്ഞു. മന്ത്രിക്കും മുൻമന്ത്രിക്കും തക്ക മറുപടി നൽകി. ആന ചരിഞ്ഞത് മലപ്പുറം ജില്ലയിൽ അല്ലെന്നും പാലക്കാട് ജില്ലയിലാണെന്നും അറിഞ്ഞിട്ടും പറ്റിയ തെറ്റ് തിരുത്താൻ അവർ തയാറായില്ല.
കുറച്ചുനാൾമുന്പ് സംസ്ഥാനത്ത് ഒരു വയോധികയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയും ദാരുണമായി അവർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ ക്ഷുഭിതരായ ജനങ്ങൾ മേനകാ ഗാന്ധിക്കെതിരേ പ്രതിഷേധമുയർത്തി. ഇതറിഞ്ഞ അവർ പ്രതികരിച്ചത് ഇപ്രകാരമാണ്: “പട്ടിക്കൂട്ടം അവരെ ആക്രമിച്ചു കൊലപ്പെടുത്തിയെങ്കിൽ ആ വൃദ്ധയായ സ്ത്രീ പട്ടിക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും ചെയ്തിരിക്കാം.’’ എന്നു മാത്രമല്ല പ്രതിഷേധിച്ച ജനങ്ങൾക്ക് ഒരു ഉപദേശവും നൽകി. “തെരുവുനായ്ക്കളെ പ്രകോപിതരാക്കാതെ നോക്കേണ്ട ചുമതലയും സംരക്ഷിക്കേണ്ട ചുമതലയും ജനങ്ങളുടേതാണ്.’’
നമ്മുടെ രാജ്യത്ത് എല്ലാക്കാലത്തും തെരുവുനായ്ക്കളും അവയുടെ ശല്യവും ഉണ്ടായിരുന്നു. മേനകാഗാന്ധി മന്ത്രിയാകുന്നതിനു മുൻപ് സ്വയംഭരണസ്ഥാപനങ്ങൾ തെരുവുനായ്ക്കളുടെ വർധന തടയാൻ ഇവയെ പിടിച്ച് ദയാവധം നടത്തിയിരുന്നു. അതുകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം പെരുകാതെ നിയന്ത്രിക്കപ്പെട്ടു. എന്നാൽ മേനകാഗാന്ധി മൃഗസംരക്ഷണവകുപ്പ് മന്ത്രിയായപ്പോൾ തെരുവുനായ സംരക്ഷണനിയമം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി നിയമമാക്കി.
തെരുവുനായ സംരക്ഷണ നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകൾ:1. തെരുവുനായ്ക്കൾക്കു പേപിടിച്ചാൽ സ്വാഭാവിക മരണം സംഭവിക്കുന്നതുവരെ സംരക്ഷണം നൽകി സൂക്ഷിക്കണം. 2. കടിക്കാൻവരുന്ന തെരുവുനായയെ കല്ലെറിഞ്ഞാൽ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം. 3. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ മൃഗാശുപത്രിയോടു ചേർന്ന് സംരക്ഷണകേന്ദ്രം സ്ഥാപിക്കണം. 4. കൂട്ടിലടച്ചു സംരക്ഷിക്കുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകണം. 5. മാലിന്യം നിർമാർജനം ചെയ്യുന്നതിന് പ്രത്യേക പ്ലാന്റും മറ്റു സംവിധാനങ്ങളും ഈ കേന്ദ്രത്തോടു ചേർന്ന് ഒരുക്കണം. 6. വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം കേന്ദ്രം പ്രവർത്തിക്കേണ്ടത്. 7. വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ വന്ധീകരണ ശസ്ത്രക്രിയ നടത്തണം. 8. ഇടവേളകളിൽ പരിശോധന നടത്തി രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. 9. പ്രതിരോധ കുത്തിവയ്പുകൾ നടത്തണം.
ഈ നിയമനിർമാണത്തിനു ശേഷം തെരുവുനായ കടിച്ച് മരിച്ചവരുടെ എണ്ണം എത്രയെന്ന് ആർക്കും അറിഞ്ഞുകൂടാ. അതുപോലെ തെരുവുനായ കടിച്ച് ആജീവനാന്തം അവശരായി കഴിയുന്നവരുടെ എണ്ണം കോടിക്കണക്കിനു വരും. വിഷബാധയ്ക്കെതിരേ കുത്തിവയ്പ് നടത്താൻ വൻതുക വേണം. ഈയിനത്തിൽ ഒരുവർഷം ചെലവാകുന്നത് നൂറുകോടി രൂപയിലധികമാണ്.
ഇന്ന് രാജ്യത്ത് തെരുവുനായ്ക്കളുടെ എണ്ണമെടുത്താൽ അത് മൊത്തം ജനസംഖ്യയെക്കാൾ കൂടുതൽവന്നേക്കും. ഇവയ്ക്കു പേയിളകി ജനങ്ങളെ ആക്രമിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന് ആലോചിക്കുക. തെരുവുനായ്ക്കളെ സംരക്ഷിക്കാനുള്ള ബാധ്യത മേനകാ ഗാന്ധിക്കും കേന്ദ്രസർക്കാരിനുമാണ്. തെരുവുനായ്ക്കളെ നിയന്ത്രിച്ചില്ലെങ്കിൽ വരാൻപോകുന്ന വിപത്ത് കൊറോണാ ദുരന്തത്തെക്കാൾ വലുതായിരിക്കും.
എം.എം. ജോസഫ്, പാലാ