മറ്റുള്ളവരെ ശിക്ഷിക്കരുത്
Wednesday, June 24, 2020 10:51 PM IST
ആര് ആത്മഹത്യ ചെയ്താലും വ്യക്തമായ ആത്മഹത്യാക്കുറിപ്പ് ഉണ്ടെങ്കിൽപോലും അതിന്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടരുത്. ആത്മഹത്യയുടെ കാരണം കോടതിമുറിയിൽ അപഗ്രഥിക്കാനാകില്ല. ഏതു മാനസികാവസ്ഥയിലാണു കുറിപ്പ് എഴുതിയതെന്നും ഉറപ്പില്ല. ഒരു വിൽപത്രത്തിനുപോലും സാധുത ലഭിക്കണമെങ്കിൽ അത് എഴുതപ്പെടുന്നത് സുബോധത്തോടെയാണ് എന്ന് ഉറപ്പുവരുത്തണം.
70 ശതമാനം ആത്മഹത്യകളും വിഷാദരോഗത്തിന്റെ സന്തതികളാണെന്നാണല്ലോ ശാസ്ത്രം പറയുന്നത്. ഇങ്ങനെ മരണത്തിനു കീഴടങ്ങുന്ന ആളിന് ഈ രോഗം ഇല്ലായിരുന്നുവെന്ന് തീർച്ചയാക്കാൻ കഴിയുമോ? ഇനി ഇതിന് ആരെങ്കിലും ഉത്തരവാദി ഉണ്ടെങ്കിൽ അതു സമൂഹം ഒന്നടങ്കമാണ്. സമൂഹമാകട്ടെ വളരെ വികലമായ ഒരു വ്യവസ്ഥിതിക്ക് ബലിയാടും. അതായത് ജീവനുള്ള മനുഷ്യൻ പ്രതികരിക്കുന്നതിനെ എതിർക്കുന്ന വ്യവസ്ഥിതി.
ഇത്തരം മരണങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ചാനൽ ചർച്ചകളിൽ മനോരോഗ, മനശാസ്ത്ര വിദഗ്ധരെ മാത്രം ഉൾപ്പെടുത്തുക. മരിച്ച ആളിന്റെ ബന്ധുമിത്രാദികളെയും രാഷ്ട്രീയക്കാരെയും ഒഴിവാക്കണം. ചർച്ചയുടെ അവതാരകർ പക്ഷംപിടിക്കുന്നവരോ വിധി പറയുന്നവരോ ആകരുത്.
ഒരു നിർദേശംകൂടി വിദഗ്ധരുടെ പരിഗണനയ്ക്കു സമർപ്പിക്കുകയാണ്. ഇത്തരം മരണങ്ങളുടെ പേരുതന്നെ മാറുക. ഹൃദയത്തിന്റെ തകർച്ചയ്ക്ക് ഹൃദയാഘാതം എന്നതുപോലെ മനസിന്റെ തകർച്ചയ്ക്ക് മാനസികാഘാതം എന്നാക്കിയാലോ? തലച്ചോറിലെ പ്രവർത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളാണല്ലോ ഇത്തരം അവസ്ഥയ്ക്കു കാരണായി പറയപ്പെടുന്നത്. പേരുമാറ്റം മരണത്തിന്റെ ഭീകരത കുറയ്ക്കും. ഒപ്പം ബന്ധപ്പെട്ടവരുടെ വേദനയും.
റോസമ്മ ഞാവള്ളി, പാലാ