കാരുണ്യപ്രവൃത്തികൾ ചൂഷണം ചെയ്യരുത്
Friday, July 24, 2020 11:06 PM IST
മലയാളികളുടെ കാരുണ്യ പ്രവൃത്തികൾ വളരെ അഭിമാനം നൽകുന്നവയാണ്. ആരുടെയെങ്കിലുമൊക്കെ ദുരിതങ്ങൾ മാധ്യമ ങ്ങളിലൂടെ അറിയുന്ന സുമനസുകൾ അവർ തന്നിരിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കും.
അവരിൽ പലരും സമ്പന്നരായിട്ടല്ല, മറിച്ച് സഹജീവികളോടുള്ള കാരുണ്യമാണ് ഇതിന് നിദാനമാകുന്നത്. അത്തരം കാരുണ്യ പ്രവൃത്തികൾ ചൂഷണം ചെയ്യപ്പെട്ടെന്ന് തോന്നിയാൽ അത് നൽകുന്നവരിൽ ദുഃഖം ഉണ്ടാക്കും; മാത്രമല്ല, ഭാവിയിൽ അത്തരം കാരുണ്യ പ്രവൃത്തികൾ ഉണ്ടായില്ല എന്നും വരും. അത് സമൂഹത്തിനു ദോഷം ചെയ്യും.
കുറച്ചു കാലം മുമ്പ് മധ്യ കേരളത്തിലെ ഒരു പെൺകുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടപ്പോൾ, വൻ തുകയാണ് കുടുംബത്തിന്റെ അക്കൗണ്ടിൽ എത്തിയത്. പിന്നീട് ആ പണത്തിന്റെ ഉപയോഗം എങ്ങനെയായിരുന്നു എന്നത് പത്രങ്ങളിൽ വായിച്ചതാണ്.
ഈ അടുത്ത ദിവസം കണ്ണൂരിലെ ഒരു പെൺകുട്ടിയുടെ ദാരുണ കഥയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ ആ കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി 1.25 കോടിയോളം രൂപ അക്കൗണ്ടിൽ എത്തി. ചികിത്സയ്ക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്ന തുക 19 ലക്ഷം മാത്രമായിരുന്നു. ഈ വന്ന പണത്തിന്റെ ഉത്ഭവംപോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. ബാക്കി പണത്തെ സംബന്ധിച്ച് കാരുണ്യ പ്രവർത്തകന്റെ ഇടപെടലുകൾ ഉണ്ടാകുന്നു, വിവാദമാകുന്നു.
ഇത്തരം പിരിവുകളുടെ മറ്റു ചില രൂപങ്ങളാണ് വഴിയിൽ വണ്ടി തടഞ്ഞു പിരിവ്, പാട്ടുപാടി പിരിവ്, വീടുകളിൽ നടന്നു പിരിവ്, ബക്കറ്റ് പിരിവ് മുതലായവ. ഇതിനൊന്നും യാതൊരു നിയന്ത്രണമോ, കണക്കോ ഒന്നുമില്ലതാനും. ഇതിങ്ങനെ തുടരാൻ അനുവദിക്കാമോ? നിയന്ത്രണങ്ങൾ ഉണ്ടായേ തീരു.
സർക്കാർ അതോറിറ്റിയുടെ അനുവാദം ഇല്ലാതെ ഇത്തരം പിരിവുകൾ ആരും നടത്താൻ പാടില്ല. ബാങ്ക് അക്കൗണ്ട് കുടുംബത്തിന്റെ പേരിൽ മാത്രം ആകാൻ പാടില്ല. കുടുംബത്തിന്റെയും, സ്ഥലത്തെ പഞ്ചായത്ത്/പോലീസ്/വില്ലേജ് അധികാരികളുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ട് ആയിരിക്കണം. അക്കൗണ്ടിൽ വരുന്ന പണം കുടുംബ സ്വത്ത് ആകാനും പാടില്ല. ആവശ്യത്തിൽ അധികം വരുന്ന പണം പൊതുകാരുണ്യ പ്രവൃത്തികൾക്ക് വേണ്ടി തിരിച്ചു വിടുകയും വേണം.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ