Letters
സിൽവർ ലൈൻ കേരളത്തിന് അഭികാമ്യമോ?
Thursday, July 30, 2020 11:43 PM IST
കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് അ​തു നൂ​ത​ന​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധരി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ചില വി​ക​സ​ന കാ​ഴ്ച​പ്പാ​ടുകൾ. ഇ​തി​ന്‌റെ ഉ​ദാ​ഹ​ര​ണ​മാ​ണ് 532 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ കൊ​ച്ചു​വേ​ളി മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ കേ​ര​ള റെ​യി​ല്‍ ഡെവ​ല​പ്‌​മെ​ന്‌റ് കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സെ​മി ഹൈ​സ്പീ​ഡ് സി​ല്‍​വ​ര്‍ റെ​യി​ല്‍ പ​ദ്ധ​തി (സി​ല്‍​വ​ര്‍ ലൈ​ന്‍).

നി​ല​വി​ലെ റെ​യി​ല്‍ പാ​ത​യു​ടെ 115 ശ​ത​മാ​നം വ​രെ റെ​യി​ല്‍ ട്രാ​ഫി​ക് എ​ന്നാ​ണ് കെ​ആ​ര്‍​ഡി​സി​എ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 532 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ത​യി​ലൂ​ടെ 200 കി​ലോ​മീ​റ്റ​ര്‍ വേഗത്തില്‍ റെ​യി​ല്‍ ഗ​താ​ഗ​തം 2035 ല്‍ ​സാ​ധ്യ​മാ​കുമെ​ന്നാ​ണ് പ്ര​തീ​ക്ഷ. 64,000 ​കോ​ടി ചെ​ല​വ് ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​സ്തു​ത പ​ദ്ധ​തി 2035 ല്‍ ​പൂ​ര്‍​ത്തി​ക​രി​ക്കു​മ്പോ​ള്‍ എ​ത്ര കോ​ടി​യാ​കുമെന്ന് ആ​ര്‍​ക്ക​റി​യാം.

ഇരുപതു മീ​റ്റ​ര്‍ വീ​തി​യി​ല്‍ 532 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ 1226 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. 70,000 ത്തോ​ളം ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും 20,000 വീ​ടു​ക​ള്‍ പൊ​ളി​ച്ചുമാ​റ്റു​ക​യും 2000 വീ​ടു​ക​ള്‍ ഉ​രു​ട്ടി മാ​റ്റു​ക​യും വേ​ണം.

ആയിരത്തി​ല​ധി​കം വീ​ടു​ക​ളു​ടെ അ​ടി​യി​ല്‍ക്കൂടി തു​ര​ന്നു കോ​ണ്‍​ക്രീ​റ്റ് പെ​ട്ടി​ക​ള്‍ ക​യ​റ്റി ട​ണ​ലു​ക​ള്‍ നി​ര്‍​മി​ക്ക​ണം. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പി​ല്ല​റി​നു മു​ക​ളി​ലും കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​ന്‍ ട​ണ​ലി​നു​ള്ളി​ലും ആ​യി​രി​ക്കും. 132 കി​ലോ​മീ​റ്റ​ര്‍ നെ​ല്‍​പ്പാ​ട​ത്തി​ല്‍ കൂ​ടി ക​ട​ന്നു പോ​കു​ന്നതിനാൽ നെ​ല്‍​പ്പാട​ങ്ങ​ളു​ടെ​യും ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളു​ടെയും ഉ​ള്‍​നാ​ട​ന്‍ കു​ന്നു​ക​ളു​യടെയും വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ത്തി​നു കാ​ര​ണ​മാ​കും. നി​ര്‍​ദി​ഷ്ട റെ​യി​ല്‍പ്പാ​ത​യു​ടെ അ​ഞ്ചി​ലൊ​ന്നു ഭാ​ഗം ഉ​യ​ര​ത്തി​ലു​ള്ള പി​ല്ല​റു​ക​ള്‍ സ്ഥാ​പി​ച്ചും ട​ണ​ലു​ക​ള്‍ നി​ര്‍​മി​ച്ചും ഉ​ണ്ടാ​ക്കേ​ണ്ട​താ​ണ്. വ​ലി​യ തോ​തി​ല്‍ ക​രി​ങ്ക​ല്ല്, മ​ണ​ല്‍, മ​ണ്ണ് എ​ന്നി​വയും വേ​ണ്ടി​വ​രും. ഈ ‍​പാ​ത കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന് വ​രു​ന്ന യാ​ത്ര, ച​ര​ക്കുവ​ണ്ടി​ക​ള്‍​ക്ക് അ​പ്രാ​പ്യ​വും ആ​ണു​താ​നും. കൂ​ടാ​തെ, ലോ​കം ഇ​പ്പോ​ള്‍ 1000 കിലോമീറ്റർ വേഗത്തില്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഹൈ​പ്പ​ര്‍ ലൂ​പ്പ് പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ളെപ്പ​റ്റി ചി​ന്തിക്കു​മ്പോ​ഴാ​ണ് വെ​റും 180 കി​ലോ​മീ​റ്റ​ര്‍ വേഗത്തില്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ​കാ​ല​ഹ​ര​ണ​പ്പെ​ട്ട പ​ദ്ധ​തി. ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള റെ​യി​ല്‍​പാ​ത​യി​ലൂ​ടെ ഗ​രി​മാ​ന്‍ എ​ക്‌​സ്പ്ര​സ്് (ഡ​ല്‍​ഹി ത്സാ​ന്‍​സി) 160 കി​ലോ​മീ​റ്റ​ര്‍ വേഗത്തിലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള പാ​ത​യി​ലൂ​ടെ ത​ന്നെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ളം, പ്ലാ​റ്റ്‌​ഫോം , സി​ഗ്‌​ന​ല്‍ സം​വി​ധാ​നം എ​ന്നി​വ പ​രി​ഷ്‌​ക​രി​ച്ചാ​ല്‍ 160 170 കി​ലോ​മീ​റ്റ​ര്‍ സ്പീ​ഡി​ല്‍ തീ​വ​ണ്ടി ഓ​ടി​ക്കാ​ന്‍ ക​ഴി​യും. കൂ​ടാ​തെ 600 കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ​യു​ണ്ട്. എ​രു​മേ​ലി​ക്കു സ​മീ​പം ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം എ​രു​മേ​ലി​ക്കും കൊ​ല്ല​ത്തി​നും ഇ​ട​യി​ല്‍ മ​റ്റൊ​രു വി​മാ​ന​ത്താ​വ​ളം കൂ​ടി നി​ര്‍​മി​ച്ചാ​ല്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ പ​റ്റു​ന്ന വി​ഷ​യ​മാ​ണ് കേ​ര​ള​ത്തി​ലെ അ​തി​വേ​ഗ യാ​ത്രാ സം​വി​ധാ​നം. ഇ​തി​നു പ​ക​ര​മാ​യി കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തെ ര​ണ്ടാ​യി കീ​റി​മു​റി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ല. ഏ​റ്റ​വും അ​ധി​കം പ്ര​ള​യം ബാ​ധി​ച്ച ആ​റാ​ട്ടു​പു​ഴ, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ര്‍, ക​ല്ലൂ​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ത്തി​ലെ ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍, പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ എ​ന്നി​വ​ക​ളി​ല്‍ കൂ​ടി​യാ​ണ് ഈ ​പാ​ത പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. പ​മ്പ, മ​ണി​മ​ല ന​ദി​ക​ളു​ടെ ഈ ​നീ​ര്‍​ത്ത​ട മേ​ഖ​ല​ക​ള്‍ അ​ത്യ​ധി​കം ശ്ര​ദ്ധി​ക്കേണ്ട പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ​മാ​ണ്. ന​ദി​ക​ളി​ല്‍നി​ന്നു​ള്ള പ്ര​ള​യ​ജ​ല​ത്തെ ത​ട​ഞ്ഞാ​ലു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്ത് ഭ​യാന​ക​മാ​യി​രി​ക്കും. പ​രി​സ്ഥി​തി ആ​ഘാ​ത​പ്ര​ശ്‌​നം കോ​ട്ട​യം ജി​ല്ല​യി​ലും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കോ​ട്ട​യ​ത്തി​നും ചെ​ങ്ങ​ന്നൂ​രി​നും മ​ധ്യേ പാ​ത വ​ഴി​മാ​റി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കേ​ര​ള ജ​ന​ത​യെ മൊ​ത്ത​ത്തി​ല്‍ ബാ​ധി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്കു വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് (ഡിപിആ​ര്‍) പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ലു​ക​ളും രേ​ഖ​യും പ​ര​സൃ​പ്പെ​ടു​ത്തു​ക​യും ഇ​ത് ഒ​രു പൊ​തുച​ര്‍​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യ​ണം.

കേ​ര​ള​ത്തി​ലൂ​ടെ നി​ല​വി​ലു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ക​യോ പാ​ത​യി​ലെ ആ​ധു​നി​ക സി​ഗ്‌​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ അ​തു​മ​ല്ലെ​കി​ല്‍ നി​ല​വി​ലു​ള്ള പാ​ത​ക​ളി​ല്‍ സ​മാ​ന്ത​ര​മാ​യി സി​ല്‍​വ​ര്‍ ലൈ​ന്‍ പാ​ത നി​ര്‍​മി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ് അ​ഭി​കാ​മ്യം.

ഡോ.​ സ​ജി ചാ​ക്കോ (പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡന്‍റ്)