വനംവകുപ്പുകാരിൽനിന്നു കർഷകരെ രക്ഷിക്കണം
Saturday, August 1, 2020 12:00 AM IST
മുഖ്യമന്ത്രി പിണറായി വിജയനുള്ള ഒരു തുറന്ന കത്താണിത്. കുറച്ചു വർഷമായി വനംവകുപ്പ് ഒരു സമാന്തര സർക്കാരായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ സിസിടിവി നശിപ്പിച്ചു എന്നു പറഞ്ഞ് ടി.ടി. മത്തായി എന്ന കർഷകന്റെ വീട്ടിൽ കയറി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പിടിച്ചുതള്ളി വീഴ്ത്തിയശേഷം മത്തായിയെ കൊണ്ടുപോയി. ഏകദേശം അഞ്ചു മണിക്കു കൊണ്ടുപോകപ്പെട്ട മത്തായി ഏഴു മണിക്കു മുന്പായി മരിച്ചു. ആ കുടുംബം അനാഥമായി.
അഞ്ചു വയസിൽ താഴെയുള്ള രണ്ടു മക്കൾ, 80 വയസ് പ്രായമുള്ള അമ്മ, അരയ്ക്കുതാഴെ ചലനശേഷിയില്ലാത്ത പെങ്ങൾ, ഭർത്താവ് മരണപ്പെട്ട് സ്വന്തം തറവാട്ടിലേക്കു മടങ്ങിവന്ന പെങ്ങളും മക്കളും, ജോലിയില്ലാത്ത ഭാര്യ. ഇവർ എങ്ങനെ ജീവിക്കും? മുഖ്യമന്ത്രി ഇടപെട്ട് മത്തായിയുടെ ആശ്രിതർക്ക് ഒരു സർക്കാർ ജോലി നല്കുന്നത് നന്നായിരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമ ങ്ങൾ ഒരു ജുഡീഷൽ കമ്മീഷനെ വച്ച് അന്വേഷിപ്പിച്ച് മലയോര കർഷകർക്കു കൃഷി ചെയ്ത് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം.
ജോയ് കണ്ണൻചിറ, വിഫാം ചെയർമാൻ, കാവിലുംപാറ