സിൽവർലൈൻ റെയിൽവേ
Saturday, August 1, 2020 10:54 PM IST
എന്തിനെയും എതിർക്കുക, എതിർത്ത് തോൽപ്പിച്ച് സന്തോഷിക്കുക എന്നത് മലയാളിയുടെ ഒരു ശീലമായി കഴിഞ്ഞു. അതിനു കൂട്ടു കൂടാൻ കുറെ കപട പരിസ്ഥിതി വാദികളും പിന്നെ എല്ലാം അറിയുന്ന അന്തിചർച്ചക്കാരും. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു
എന്താണ് പുതിയ അതിവേഗ സിൽവർ ലൈൻ റെയിൽവേ. 574 കിലോ മീറ്റർ നീളം. അഞ്ചുവർഷം കൊണ്ട് പണി തീരും. തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്താൻ ഇപ്പോൾ എക്സ്പ്രസ് ട്രെയിൻ 13.30 മണിക്കൂറും, കെഎസ്ആർടിസി 12.30 മണിക്കൂർ എടുക്കുന്പോൾ അത് 3.52 മണിക്കൂർ മാത്രമേ എടുക്കുകയുള്ളു. അത് ചെറിയ കാ ര്യമാണോ. അത് കേരളത്തിലെ 11 ജില്ലകളിൽ കൂടി കടന്നു പോകുകയും ചെയ്യും.
ലോകത്തിൽ നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമാണ വികസന പ്രവർത്തനങ്ങൾക്കും കല്ല്, സിമന്റ്, മണ്ണ് എന്നിവ ആവശ്യമാണ്. എല്ലാ ജില്ലയിലും വിമാനത്താവളം ഉണ്ടാക്കിയാലും തീവണ്ടിയിൽ നിന്നും കിട്ടുന്ന സൗകര്യം ലഭിക്കില്ല.
പിന്നെയുള്ളത്, ഭൂമി ഏറ്റെടുക്കേണ്ടിവരും, വീടുകൾ ഒഴിപ്പിക്കേണ്ടിവരും, പാടങ്ങൾ മൂടേണ്ടി വരും, മരങ്ങൾ വെട്ടേണ്ടി വരും എന്നെല്ലാമുള്ള വാദങ്ങളാണ്. അതെല്ലാം ശരിയാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ നല്ല വില കൊടുക്കുന്നുണ്ട്. വീടുകൾക്ക് പകരം വക്കാൻ പണം കൊടുക്കുന്നുണ്ട്. പാടങ്ങൾ കുറച്ചു മൂടും. കുറെ ത്യാഗങ്ങൾ വേണ്ടിവരും.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ