ഇത്തരം പ്രവൃത്തികൾ നാടിന് അപമാനമല്ലേ?
Monday, August 3, 2020 1:00 AM IST
കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോവിഡ് പോസിറ്റീവായി. ഇത് ചില നവമാധ്യമങ്ങൾ വാർത്തയാക്കി. ഇതു കണ്ട ഒരു ഹോസ്റ്റൽ വാർഡൻ ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരോട് അവിടെനിന്നു മാറാൻ പറയുന്നു. ഇതേ ആശുപത്രിയിലെ ഒരു ജീവനക്കാരിയോടു പലചരക്കു സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ നിങ്ങൾക്കൊന്നും സാധനം തരില്ലെന്നു കടക്കാരൻ പറയുന്നു.
നഗരത്തിലെ ഒരു സ്വർണക്കടയിലെ ജീവനക്കാരൻ കോവിഡ് പോസിറ്റീവാണെന്നറിഞ്ഞപ്പോൾ മറ്റു ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ അയൽക്കാർ വീട്ടുടമസ്ഥനെ വിളിച്ച് അവരെ എല്ലാവരെയും അവിടെനിന്ന് ഇറക്കി വിടണമെന്നാവശ്യപ്പെട്ടു. വീട്ടുടമ ഡോക്ടർ ആയതിനാലും കാര്യങ്ങൾ വ്യക്തമായി അവരെ പറഞ്ഞു മനസിലാക്കിക്കാൻ സാധിച്ചതുകൊണ്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
ചില ആരോഗ്യപ്രവർത്തകരുടെ വീടുകളിൽ ചെന്ന് നിങ്ങൾ ആ ആശുപത്രിയിൽ ജോലിക്കു പോകാൻ പറ്റില്ലെന്നും പോകുന്നെങ്കിൽ തിരിച്ച് ഇങ്ങോട്ടു വരാൻ തങ്ങൾ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നു. കോവിഡ് പോസിറ്റീവായ ആളുടെ മൃതസംസ്കാരത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ വേറെ.
സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പല മേന്മകളും ഉയർത്തിക്കാട്ടുന്ന കോട്ടയത്താണ് ഇത് നടക്കുന്നതെന്നറിയുന്പോൾ നമ്മുടെ സന്പൂർണ സാക്ഷരതയെക്കുറിച്ചു ചിന്തിച്ചു പോകും. ആരോഗ്യ രംഗത്തുള്ള ഏതൊരു സംശയത്തിനും സർക്കാരിന്റെയോ ഐഎംഎയുടെയോ വിവിധ ഫോണ് നന്പറുകളിൽ ബന്ധപ്പെടാം. രോഗികൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾക്കുവേണ്ടി പോരാടുന്ന പടയാളികളാണ് ആരോഗ്യപ്രവർത്തകർ അവരെ അനുമോദിച്ചില്ലെങ്കിലും അകറ്റി നിർത്തരുത്. ഭയമല്ല ജാഗ്രതയാണ് പ്രധാനം.
ഡോ. പി. സുകുമാരൻ (പ്രസിഡന്റ്)
ഡോ. ബിബിൻ പി. മാത്യു (സെക്രട്ടറി)
ഐഎംഎ കോട്ടയം