തെരഞ്ഞെടുപ്പ് മാറ്റിവച്ചുകൂടേ?
Tuesday, September 8, 2020 11:30 PM IST
രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും കേരളമാകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പും നടക്കാൻപോകുന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്. കോവിഡ് ബാധിതരുടെ എണ്ണം ഭയാനകമാംവിധം സംസ്ഥാനത്ത് വർധിച്ചുവരുന്പോൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും നീങ്ങുന്നത് വലിയ വിപത്ത് ക്ഷണിച്ചുവരുത്തുന്നതാകും.
വോട്ടുപിടിത്തവും തെരഞ്ഞെടുപ്പ് ആലോചനാ കൂട്ടുചേരലും കോവിഡ് നിയന്ത്രണങ്ങളെ താറുമാറാക്കും. തെരഞ്ഞെടുപ്പുഫലം അറിയുന്പോൾ അണികളുടെ ആവേശം എങ്ങനെ നിയന്ത്രിക്കാനാവും?
സർക്കാരും ജനങ്ങളും വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ തെരഞ്ഞെടുപ്പിനുവേണ്ടി കോടികൾ ചെലവഴിക്കേണ്ടിവരുന്നത് വലിയ സാന്പത്തികബാധ്യത കൊണ്ടുവരും. സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും സർവസന്നാഹങ്ങളുമായി കോവിഡ് മഹാമാരിയെ നിയന്ത്രിക്കുകയും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്.
ഫാ. തോമസ് പ്ലാപ്പറന്പിൽ, ചന്പക്കര