ഓക്സിജൻ: ചില ഓർമപ്പെടുത്തലുകൾ
Thursday, April 29, 2021 11:47 PM IST
പ്രാണവായുവിനായി പിടയുന്ന ഹതഭാഗ്യർ കോവിഡ് കാലത്തെ ദയനീയ കാഴ്ചയായി മാറുകയാണ്. ഓരോ നിമിഷവും സൗജന്യമായി പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഓക്സിജൻ അവശ്യനേരത്ത് വിലകൊടുത്തുവാങ്ങാൻ പോലും കഴിയാതാവുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഓരോർമപ്പെടുത്തലായി കൂടി കരുതാവുന്നതാണ്. അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് കുറയ്ക്കുന്ന തരത്തിലുള്ള മലിനീകരണ പ്രവർത്തനങ്ങളിൽനിന്നു മാറിനിൽക്കാനും കഴിയാവുന്നത്ര ചെടികൾ വച്ചു പിടിപ്പിച്ച് അന്തരീക്ഷത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാനുമുള്ള നടപടികളിൽ നാം ശ്രദ്ധിക്കണം. കുടിവെള്ളം കുപ്പിയിൽ വിലകൊടുത്തു വാങ്ങേണ്ടിവരുമെന്ന് മുന്നുപതിറ്റാണ്ടു മുമ്പ് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന യാഥാർഥ്യം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ജീസ് പി. പോൾ പ്ലാപ്പളളിൽ കുടവെച്ചൂർ, വൈക്കം