പുതിയ മന്ത്രിസഭയും പുത്തൻ പ്രതീക്ഷകളും
Saturday, May 15, 2021 12:51 AM IST
പതിവിനു വിരുദ്ധമായി എൽഡിഎഫിന് വലിയ ഭൂരിപക്ഷത്തോടെ തുടർഭരണം ഏൽപ്പിച്ചു തന്നിരിക്കുന്നതു വലിയ പ്രതീക്ഷകളോടെയാണ്. അതിനു ഭംഗം വരാൻ പാടില്ല. കാലത്തിനനുസൃതമായ പുതിയ വകുപ്പുകൾ ഉണ്ടാകണം. നാട്ടിൽ നടക്കുന്ന സമരങ്ങളെ വേഗത്തിൽ തന്നെ ചർച്ചകൾ നടത്തി പരിഹാരമാക്കണം. പ്രതിപക്ഷ എംഎൽഎ മാരെയും ജനങ്ങൾ തന്നെയാണ് തെരെഞ്ഞെടുത്തത് എന്ന ബോധം ഭരണകക്ഷിക്കും, സ്പീക്കർക്കും ഉണ്ടാകണം.
പ്രതിപക്ഷത്തിനും പുതിയ സമീപനങ്ങളുണ്ടാകണം. അനാവശ്യവും, ദിവസേനയുള്ളതുമായ വാക്ക് ഔട്ടുകൾ ഇല്ലാതാകണം. എല്ലാത്തിലും അഴിമതിയാണ് എന്ന രീതിയിൽ കാര്യങ്ങളെ കാണുന്ന കാഴ്ചപ്പാട് ഉപേക്ഷിക്കണം. എംഎൽഎയുടെ പ്രധാന പരിപാടി, മരണം, കല്യാണം, ഉദ്ഘാടനം എന്നിവയിൽ പ ങ്കെടുക്കൽ മാത്രമാണ് എന്ന രീതി മാറണം. തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള എല്ലാ ഉദ്ഘാടനങ്ങളിലും മന്ത്രിമാർ പങ്കെടുക്കുന്ന രീതിയും മാറണം. ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങൾക്കു ലഭിക്കേണ്ട പല അവകാശങ്ങളും ലഭിക്കാതെ പോയിട്ടുണ്ട്. അവരുടെ പരാതിയും പരിഹരിക്കണം. സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തണം. ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് ഉണ്ടാകണം.
പയസ് ആലുംമൂട്ടിൽ ഉദയംപേരൂർ