പരിശോധന പീഡനമാകരുത്
Saturday, July 31, 2021 11:35 PM IST
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വാഹനത്തിന്റെ രേഖകൾ പോലീസ് പരിശോധിച്ചു. പൊലൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ രണ്ടായിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ വാഹനം ബിഎസ് നാല് കാറ്റഗറി എൻജിനുള്ളതാണെന്നും ഇതിന്റെ പുകപരിശോധനയുടെ സർട്ടിഫിക്കറ്റിന് ഒരു വർഷം കാലാവധിയുണ്ടെന്നും സുഹൃത്ത് പറഞ്ഞു. നിയമപ്രകാരം സുഹൃത്ത് പറഞ്ഞത് സത്യമാണ്. പക്ഷേ പോലീസ് വിട്ടില്ല. അദ്ദേഹം പറഞ്ഞു: അത് ഒരു വർഷം മാത്രം പഴക്കമുള്ള വണ്ടിക്ക്. ഇത് പതിനഞ്ച് മോഡൽ. കാലാവധി ആറുമാസം. പിഴയടച്ചിട്ട് പോയാൽ മതി. പൊല്ലാപ്പിലായ സുഹൃത്ത് നിയമപ്രകാരം തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പിഴയടയ്ക്കാൻ തയാറായില്ല.
പിന്നെ എന്താണൊരു പോംവഴി? പോലീസ് ഉദ്യോഗസ്ഥൻ ചെറുപ്പം, സർവീസിൽ കയറിയിട്ട് ഏറെ നാളായിട്ടില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ അനുഭവക്കുറവും നിയമങ്ങളിലുള്ള അറിവില്ലായ്മയും കണ്ടേക്കാമെന്ന ധാരണയിൽ സഹപാഠിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദഹം പോലീസ് ഓഫീസർക്കു നിയമം പറഞ്ഞുകൊടുത്തു കാണണം, അവർ തമ്മിലുള്ള സംസാരം കഴിഞ്ഞപ്പോൾ രേഖകൾ മടക്കിക്കൊടുത്തുകൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.
ആ പോലീസ് ഓഫീസറുടെ അറിവില്ലായ്മ മൂലം സുഹൃത്തിന് അര മണിക്കൂർ വഴിയിൽ നഷ്ടമായി. അദ്ദേഹത്തിന് ട്രാഫിക്ക് നിയമങ്ങൾ അറിയാവുന്ന ഒരു സഹപാഠി ഉണ്ടായിരുന്നതുകൊണ്ട് കൂടുതൽ സമയമോ പണമോ നഷ്ടപ്പെട്ടില്ല. ആ സ്ഥാനത്ത് ഒരു സാധാരണക്കാരൻ ആയിരുന്നെങ്കൽ എന്താകുമായിരുന്നു സ്ഥിതി ?
ഏതു ഡ്യൂട്ടിക്കും കീഴ്ജീവനക്കാരെ നിയമിക്കുന്പോൾ ആ മേഖലയിൽ നിലവിലുള്ള നിയമങ്ങൾ അറിയാവുന്നവരെ മാത്രം നിയമിക്കാൻ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കണം. ടാർജെറ്റ് തികയ്ക്കാനും ക്വോട്ട പൂർത്തിയാക്കാനും ആരെയെങ്കിലും വിട്ട് എന്തെങ്കിലും ചെയ്യിക്കുന്ന പ്രവണത ആത്മാർഥമായ പൊതുസേവനത്തിന് തീരാകളങ്കമാണ്.
കൊഴുവനാൽ ജോസ് ഈസ്റ്റ് മാറാടി, മൂവാറ്റുപുഴ