പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവച്ചിരിക്കുന്നതു ശരിയോ ?
Thursday, October 26, 2023 1:43 AM IST
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ച ഗവർണറുടെ നടപടിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചപ്പോൾ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവച്ചിരിക്കുന്ന കാര്യം സർക്കാർ മറന്നുവോ ? കഴിഞ്ഞ മൂന്ന് വർഷമായി പെൻഷൻകാരുടെ ക്ഷാമബത്തയും പെൻഷൻ പരിഷ്കരണത്തുകയും നൽകാതെ സംസ്ഥാന സർക്കാർ പിടിച്ചുവച്ചിരിക്കുകയല്ലേ? ഗവർണർക്കെതിരേ നിയമോപദേശം തേടാൻ ചെലവഴിച്ച 40 ലക്ഷം രൂപയെങ്കിലും മുതിർന്ന പെൻഷൻകാർക്കു നൽകാമായിരുന്നില്ലേ? കേരളത്തിൽ അഞ്ചു ഗഡു ക്ഷാമബത്തയും (18 ശതമാനം) രണ്ടു ഗഡു പെൻഷൻ പരിഷ്കരണത്തുകയുമാണ് സർക്കാർ അനാവശ്യമായി പിടിച്ചുവച്ചിരിക്കുന്നത്; ഇതിനെക്കുറിച്ച് എന്തേ അധികാരികൾ മൗനം അവലംബിക്കുന്നു ? ഗവർണർ ബില്ലുകൾ പിടിച്ചുവച്ചിരിക്കുന്നതുപോലെ തന്നെയാണ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ മൂന്നു വർഷമായി പിടിച്ചുവച്ചിരിക്കുന്നതും. ആദ്യം പെൻഷൻകാരെ പരിഗണിക്കുക, അതു കഴിഞ്ഞു മതി ഗവർണർക്കെതിരേയുള്ള പോരാട്ടം. കഴിഞ്ഞ മൂന്നു വർഷമായി ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും ക്ഷാമബത്ത (ഡിഎ) അനുവദിക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് നാം തിരിച്ചറിയണം.
എ.വി. ജോർജ് റിട്ട. ഹെഡ്മാസ്റ്റർ, തിരുവല്ല