നികുതിപ്പണം പോകുന്ന വഴി
Monday, October 30, 2023 11:46 PM IST
അടുത്തകാലത്ത് മലയാറ്റൂർ ഒന്പതാം വാർഡിൽ ജനകീയ കൂട്ടായ്മ 1,22,700 രൂപ മുടക്കി ഒരു ബസ് കാത്തുനിൽപുകേന്ദ്രം നിർമിച്ചത് വാർത്തയായിരുന്നു. ഇത് സർക്കാർ പദ്ധതിയായിരുന്നെങ്കിൽ 12 ലക്ഷമോ 15 ലക്ഷമോ ആകുമായിരുന്നു. ജനങ്ങളുടെ നികുതിപ്പണം എങ്ങനെ ചിലർ കൊള്ളയടിക്കുന്നുവെന്നു മനസിലാക്കാൻ ഈ ഉദാഹരണം മാത്രം മതിയാകും.
വികസനപ്രവർത്തനത്തിനുവേണ്ടി സർക്കാർ അനുവദിക്കുന്ന തുകയുടെ പത്തിലൊന്നുപോലും ചെലവഴിക്കുന്നില്ല എന്നുവേണം മനസിലാക്കാൻ. ബാക്കി പണം ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുംകൂടി തട്ടിയെടുക്കുന്നു. പൊട്ടിപ്പൊളിഞ്ഞ സർക്കാർ കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെ ഈ തട്ടിപ്പിന്റെ അനന്തരഫലങ്ങളാണ്.പാലാരിവട്ടം പാലത്തിന്റെ പേരിൽ കോടികൾ ചിലർ തട്ടിയെടുത്തു. എത്രയോ സർക്കാർ കെട്ടിടങ്ങളാണ് പണിത് ഏതാനും നാളുകൾക്കുള്ളിൽ ഉപയോഗശൂന്യമാകുന്നത്.
ഒരു മഴക്കാലത്തെ അതിജീവിക്കാൻപോലും നമ്മുടെ റോഡുകൾക്കാവുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അനുവദിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രം ചെലവഴിച്ച് ബാക്കി ചിലർ തട്ടിയെടുക്കുന്നതിനാലാണ്. ജീവിക്കാൻ പാടുപെടുന്ന ജനങ്ങളിൽനിന്നും പിഴിഞ്ഞെടുക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ കൊള്ളയടിക്കുന്നത്. ഇച്ഛാശക്തിയുള്ള, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത സർക്കാർ ഉണ്ടായാൽ മാത്രമേ ഈ കൊള്ള അവസാനിപ്പിക്കാൻ സാധിക്കൂ. അതിനായി തെരഞ്ഞെടുപ്പുകളിൽ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ബെന്നി സെബാസ്റ്റ്യൻ, ചിറ്റാരിക്കാൽ