പുരോഗമിച്ച ശാസ്ത്രവും അധഃപതിച്ച മനുഷ്യരും
Monday, October 30, 2023 11:50 PM IST
ശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ സ്വഭാവത്തിനു മാറ്റമുണ്ടായില്ലെങ്കിൽ എന്തുചെയ്യും. ഓരോ ദിവസവും പുലരുന്നത് എന്തെല്ലാം വിചിത്രമായ വാർത്തകൾ കണ്ടും കേട്ടുമാണ്.
രാജ്യത്തുടനീളം ജനങ്ങൾ അധഃപതിച്ചുപോയി. മലാഭിഷേകം, മൂത്രം കുടിപ്പിക്കൽ, ഷൂസുകൊണ്ടു തല്ല്, കുട്ടികളെ സഹപാഠികളെക്കൊണ്ടു തല്ലിക്കുക, സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുക, നഗ്നരാക്കി നടത്തുക ഇങ്ങനെ എന്തെല്ലാം വിശേഷങ്ങളാണു നടക്കുന്നത്.
സ്ത്രീകളുടെ നഗ്നത കണ്ടു രസിക്കുന്ന ഇക്കൂട്ടർ സ്വന്തം വീടുകളിലെ സ്ത്രീകളെ വസ്ത്രം ധരിക്കാൻ അനുവദിക്കാത്തവരായിരിക്കുമല്ലോ? ശാസ്ത്രം പുരോഗമിച്ച് അന്യഗ്രഹങ്ങളെപ്പോലും കീഴടക്കി. സൂര്യനെപ്പോലും വരുതിയിലാക്കാൻ ശ്രമിക്കുന്നു. എന്നിട്ടും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ മനസിന്റെ കാഠിന്യം അപാരംതന്നെ. ഇത്തരം പ്രവൃത്തികൾക്കൊന്നും തക്കശിക്ഷ നൽകാൻ നമ്മുടെ ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ലേ? എത്രകാലം കഴിഞ്ഞാൽ ഇക്കൂട്ടർക്കു ബോധമുണ്ടാകും. ചെകുത്താന്മാർ പോലും നാണിച്ചു തലതാഴ്ത്തുന്ന പ്രവൃത്തികളല്ലേ ഇതൊക്കെ?
ലീലാമ്മ വർഗീസ്, അതിരന്പുഴ