കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
Monday, January 22, 2024 1:08 AM IST
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും കള്ളപ്പറയും ചെറുനാഴിയും മാത്രം! കയ്യൂക്കുള്ളവർക്കു മാത്രം വിജയങ്ങളും സ്ഥാനങ്ങളും. സമാധാനകാംക്ഷികളായ അധ്യാപകരും വിദ്യാർഥികളും ജീവഭയത്താൽ നാടുവിടുന്നു. അധോലോകം നാട് വാഴുന്നു! ഇപ്പോഴിതാ, കലാലയ മുറ്റങ്ങളിൽ വെട്ടും കുത്തും. വനിതകളും അധ്യാപകരും വ്യാപകമായി ആക്രമിക്കപ്പെടുന്നു.
നാട്ടിലെ പൊതുജനം നിസംഗരും! ഭരണകർത്താക്കളും നേതാക്കളും ചിന്തകരും സാംസ്കാരിക പ്രവർത്തകരും ഈ മട്ടു മാറ്റണം. നാടിനെ ഒരിക്കൽകൂടി പാതാളങ്ങളിലേക്ക് തള്ളരുത്. വിവേകം മരവിക്കരുത്. മാധ്യമങ്ങൾ ഈ ദൗത്യം ഏറ്റെടുക്കണം. ക്രമസമാധാനം നാട്ടിൽ ഉറപ്പാക്കണം. അധ്യാപക ലോകവും മതനേതാക്കളും ഉണരണം. ഇങ്ങനെ പോയാൽ സമൂല തകർച്ച ആസന്നമാണ്.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ