ഒരിക്കൽ പ്രമുഖനായ ഒരു രാഷ്ട്രീയ പ്രവർത്തകൻ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് മാലിന്യപ്രശ്നം അവർക്ക് ഒരു "കറവപ്പശു' ആണെന്നും അതു ശാശ്വതമായി പരിഹരിക്കാൻ ആർക്കും താത്പര്യമില്ലെന്നുമാണ്.
കേരളത്തിൽ പരക്കെ, തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മാലിന്യക്കൂമ്പാരവും രോഗങ്ങളും മരണങ്ങളും ഒക്കെ കേൾക്കുമ്പോൾ ഈ രാഷ്ട്രീയക്കാരൻ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. മാലിന്യനിർമാർജനത്തിനായി എല്ലാ വർഷവും ആവശ്യത്തിനു പണം സർക്കാർ നീക്കിവയ്ക്കുന്നുണ്ടെങ്കിലും അതൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്നുവേണം മനസിലാക്കാൻ.
മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് ഒരു സാംസ്കാരിക സൂചികയാണ്. ഇക്കാര്യത്തിൽ കേരളം വളരെ പിറകിലാണ്. കേരളത്തിന്റെ രോഗാതുരമായ സംസ്കാരമാണിതു സൂചിപ്പിക്കുന്നത്. കൂടാതെ, രാഷ്ട്രീയഉദ്യോഗസ്ഥ അഴിമതിയുടെ ആഴവും. ഹരിതസേന എന്ന പേരിൽ തുടങ്ങിയ പദ്ധതിയും മറിച്ചല്ല. പൊതുജനങ്ങളുടെ ചെലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വഴിയിൽ പലേടത്തായി കൂട്ടിവയ്ക്കുന്നതായാണ് കാണുന്നത്.
ഒരു ശാസ്ത്രീയതയും ഈ പദ്ധതിയിലും കൊണ്ടുവരാനായിട്ടില്ല. അപകടം പതിയിരിക്കുന്ന മറ്റൊരു മാലിന്യപ്രശ്നമാണിത്. കൂടാതെ, ഈ ജീവനക്കാരുടെ രാഷ്ട്രീയവത്കരണവും മുറയ്ക്കു നടക്കുന്നു. മാലിന്യപ്രശ്നം ഒരു കറവപ്പശുവായി തുടരുമെന്നുറപ്പായി. നികുതി കൊടുക്കുന്ന ജനങ്ങളുടെ അടിസ്ഥാന അവകാശമാണ് മാലിന്യരഹിത നാട്. അതുറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ ഈ കറവപ്പശുവിനെ ഇനിയും പിഴയരുത്.
പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി