ഗവർണറുടെ പരിപാടിക്കു മാധ്യമവിലക്കുമായി കാർഷികസർവകലാശാല
Wednesday, June 25, 2025 1:42 AM IST
തൃശൂർ: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി പി. പ്രസാദും പങ്കെടുക്കുന്ന കാർഷികസർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പത്ര ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും വിലക്ക്.
ഗവർണറുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണോ വിലക്കെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിപറയാതെ സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർഹുസൈൻ ഒഴിഞ്ഞുമാറി.
ഗവർണർ വിലക്കേർപ്പെടുത്താതെ സർവകലാശാലയ്ക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി.
ഭാരതാംബ വിഷയത്തിൽ മന്ത്രി പി. പ്രസാദും ഗവർണറും തമ്മിലുണ്ടായ വിവാദത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു വേദിയിലെത്തുന്നത്. രണ്ടുപേരും ഒരേ വേദി പങ്കിടുന്നതു പകർത്താതിരിക്കാൻ മന്ത്രിയാണോ ഗവർണറാണോ വിലക്കേർപ്പെടുത്തിയതെന്നതാണ് ഉയരുന്ന ചോദ്യം.