കൊച്ചി വിമാനത്താവളത്തിൽ 15 ലക്ഷത്തിന്റെ നിരോധിത വസ്തുക്കൾ പിടികൂടി
Wednesday, June 25, 2025 1:42 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 15,75,100 രൂപ വിലവരുന്ന നിരോധിത വിദേശനിർമിത സിഗരറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടികൂടി.
അബുദാബിയിൽനിന്നു നെടുമ്പാശേരിയിലെത്തിയ യാത്രക്കാരായ കണ്ണൂർ തലശേരി സ്വദേശി അബ്ദുൾ സലാം, മംഗളൂരു സ്വദേശികളായ സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മയിൽ എന്നിവരെയാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്. സമീനയുടെ ചെക്ക് ഇൻ ബാഗേജ് വിശദമായി പരിശോധിച്ചതിൽനിന്ന് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള 39,000 എസ്സെ ലൈറ്റ് സിഗരറ്റ് സ്റ്റിക്കുകളും 59,600 എസ്സെ ചേഞ്ച് സിഗരറ്റ് സ്റ്റിക്കുകളും കണ്ടെടുത്തു. ഇതിന് ഏകദേശം 9,86,000 രൂപ വിലവരും.
തലശേരി സ്വദേശി അബ്ദുൾ സലാമിന്റെ ബാഗേജിൽനിന്ന് ഗോൾഡ് ഫ്ലേക്ക് സിഗരറ്റുകൾ, ഫൈസ ബ്യൂട്ടി ക്രീം-20 എണ്ണം, 13 പാക്കറ്റ് എപ്പി മെഡിയം ലു ജാം എന്നിവയാണു പിടികൂടിയത്.
ഇതിന് 1,51,000 രൂപ വിലവരും. നികുതി വെട്ടിച്ചു കടത്താനാണ് ശ്രമിച്ചത്. ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ മംഗളൂരു സ്വദേശി മുഹമ്മദ് ഇഖ്ബാലിൽനിന്ന് 6,000 ഗോൾഡ് ഫ്ലേക്ക് ലൈറ്റ്സ് സിഗരറ്റുകൾ, 120 ഡെർമോവേറ്റ് ക്രീം, 92 ഫൈസഫേസ് ക്രീം, 15 എൽഫ്ബാർ റായ ഡി 3 ഇ സിഗരറ്റുകൾ, 21 എപ്പിമെഡിയലു ജാം പാക്കറ്റുകൾ എന്നിവയാണു പിടിച്ചെടുത്തത്. ഇതിന് 1,77,000 രൂപ വില വരും.
കർണാടക സ്വദേശിയായ മറ്റൊരു യാത്രക്കാരനായ മുഹമ്മദ് ഇക്ബാലിൽനിന്ന് 9,400 ഗോൾഡ് ഫ്ലേക്ക് ലൈറ്റ്സ് സിഗരറ്റ് സ്റ്റിക്കറുകൾ, 120 ഡെർമോവേറ്റ് ക്രീം, 19 എൽഫ് ബാർറായ ഡി 3 ഇ സിഗരറ്റുകൾ എന്നിവയാണു പിടികൂടിയത്. ഇതിന് ഏകദേശം 2,61,000 രൂപ വില വരും. പിടികൂടിയ സാധനങ്ങൾ പിഴ ചുമത്തി കസ്റ്റംസ് കണ്ടുകെട്ടി.